കൊച്ചി: കളമശേരിയിൽ യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ആക്രമണത്തിൽ കാൽ അറ്റുപോയ യുവാവ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ഉയർന്നതിനുപിന്നാലെയാണ് സിസിടിവി ദൃശ്യം പുറത്തായത്.
വിഷു ദിനത്തിലാണ് എൽദോസ് ജോർജെന്ന യുവാവിനെ നാലംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. ആക്രമണത്തിനു നേതൃത്വം നൽകിയ ശ്രീരാഗ് സിപിഎം പ്രാദേശിക പ്രവർത്തകനാണ്. ഇയാളെ സംരക്ഷിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നിൽ സിപിഎം അനുഭാവികളാണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. അതേസമയം, 5പേർക്കെതിരെ വധ ശ്രമത്തിനു കേസ് എടുത്തിട്ടുണ്ടെന്നു കളമശ്ശേരി പോലീസ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
(വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)