തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എം.എസ്.മണി (79) അന്തരിച്ചു. കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായിരുന്നു. കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു. ഇന്നു പുലർച്ചെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാർഡൻസിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
കേരള കൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെ മകനായ എം.എസ്.മണി കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമരംഗത്തേക്ക് വരുന്നത്. പിന്നീട് മാധ്യമരംഗത്ത് തന്റെ ശ്രദ്ധേയമായ സാന്നിധ്യം പലവട്ടം അടിവരയിട്ട എം.എസ്. മണി മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരമടക്കം നേടിയിട്ടുണ്ട്.
അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു ചടുലത പകർന്ന ഉത്തമ പത്രാധിപർമാരിലൊരാളായിരുന്നു എം.എസ്.മണി. ലേഖകനെന്ന നിലയിൽ തുടങ്ങി പത്രാധിപർ വരെയെത്തിയ മാധ്യമജീവിതത്തിൽ അടയാളപ്പെടുത്താവുന്ന പല വാർത്തകളും അദ്ദേഹം ജനങ്ങളിലേക്ക് എത്തിച്ചു.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.