scorecardresearch

Rebuilding Kerala: നിറങ്ങളൊഴുകി, പ്രളയ ജലത്തിന് മീതെ; കേരളത്തിന് വേണ്ടി ചായം ചാലിച്ച് ചിത്രകാരന്മാരും

ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത്.

Rebuilding Kerala: നിറങ്ങളൊഴുകി, പ്രളയ ജലത്തിന് മീതെ; കേരളത്തിന് വേണ്ടി ചായം ചാലിച്ച് ചിത്രകാരന്മാരും

കൊച്ചി: പ്രളയം  തകർത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി തങ്ങളാലാവുന്നത് ചെയ്യുന്നവരാണ് ചുറ്റിലും. ജോലിയും സമയവും മാറ്റിവച്ച് വീട് വൃത്തിയാക്കാന്‍ പോകുന്നവര്‍, തങ്ങളുടെ ശമ്പളത്തിന്റെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നവര്‍, അരിയും വസ്ത്രവും തൊട്ട് നല്‍കാവുന്നതെല്ലാം നല്‍കുന്നവര്‍. ഓരോരുത്തരും തങ്ങളുടേതായ രീതിയില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പങ്ക് വഹിക്കുമ്പോള്‍ അതിന്റെ ഭാഗമാവുകയാണ് ഒരു പറ്റം ചിത്രകാരും. ചിത്രകലാരംഗത്തെ പല പ്രമുഖരും പങ്കാളികളായ ‘കലാകാര്‍’ എന്ന സംഘടനയാണ് വ്യത്യസ്തമായ രീതിയില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിച്ചത്.

ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്ന മൂന്ന് ദിവസത്തെ ചിത്രകലാ ക്യാംപില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് ചിത്രകാരന്മാരാണ് പങ്കാളികളായത്. ക്യാംപില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിറ്റ് അതില്‍ നിന്ന് കിട്ടുന്ന തുക, പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കുന്നതാണ് പദ്ധതി.

ചിത്രകലയെ ജനകീയമാക്കുക എന്നും കലാകാരന്മാര്‍ ജനങ്ങളോട് കൂടുതല്‍ ബന്ധപ്പെട്ടും ഇടപെട്ടും പ്രവര്‍ത്തിക്കുക എന്നതുമാണ്‌ ഇത്തരമൊരു ക്യാംപ് ഒരുക്കുന്നത് വഴി തങ്ങളുടെ മനസ്സിലുണ്ടായത് എന്നുമാണ് ‘കലാകാര്‍’എന്ന സംഘടനയുടെ സെക്രട്ടറിയായ ഹോച്ചിമിന്‍ പറയുന്നത്. ” കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ പല ദൗത്യങ്ങളും ചെയ്ത് തീര്‍ക്കാനുണ്ട്. ഒരു നൂറ്റാണ്ടിന്റെ ദുരന്തത്തിലൂടെയാണ് നമ്മള്‍ കടന്നുപോയത്. നമ്മള്‍ കേട്ടല്ലാതെ അറിഞ്ഞിട്ടില്ലാത്ത, സമാനതകള്‍ ഇല്ലാത്ത അനുഭവം. ഈ ദുരന്തത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈയോരോ ചിത്രങ്ങളും. സമൂഹത്തില്‍ ക്യാംപ് സന്ദര്‍ശിക്കാന്‍ വന്നവരൊക്കെ ചിത്രങ്ങള്‍ വാങ്ങുന്നുണ്ട്” ചിത്രകാരനും ശില്‍പിയുമായ ഹോച്ചിമിന്‍ പറഞ്ഞു.

ഏതൊരാള്‍ക്കും വാങ്ങാവുന്നത്ര വില കുറച്ചാണ് ഓരോ ചിത്രങ്ങളും വില്‍ക്കുന്നത്. 1×1 അടി വലിപ്പമുള്ള കാന്‍വാസില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആയിരം രൂപയും 1.5X 1.5 അടി വരുന്ന ചിത്രങ്ങള്‍ക്ക് 1500 അടി രൂപയുമാണ് വിലവരുന്നത്. അടിസ്ഥാന വിലയില്‍ കൂടുതലായി ഈടാക്കുന്നുമില്ല.

ക്യാംപ് വ്യത്യസ്തമാകുന്നത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൊണ്ട് മാത്രമല്ല, പ്രവര്‍ത്തനരീതികൊണ്ട് കൂടിയാണ്. കേരള ലളിത കലാ അക്കാദമി വാടകയില്ലാതെ നല്‍കിയ ദര്‍ബാര്‍ ഹാളിലെ വേദിയിലാണ് ക്യാംപ് അരങ്ങേറിയത്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചിത്രകാരന്മാര്‍ പങ്കെടുത്ത ക്യാംപിന് കേരള ലളിതകലാ അക്കാദമിയുടെ പൂര്‍ണ സഹകരണവുമുണ്ടായിരുന്നു. കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളില്‍ നിന്നുമുള്ള കലാകാരന്മാര്‍ ദര്‍ബാര്‍ ഹാളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദൂരദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് താമസമൊരുക്കാനുള്ള പണമില്ല. എങ്കിലും ക്യാംപില്‍ എത്തുന്നവര്‍ക്ക് കഞ്ഞിയും പയറും കാപ്പിയും നല്‍കാനുള്ള പണം തങ്ങള്‍ക്ക് സ്വരൂപിക്കാനായി എന്ന് ഹോച്ചിമിന്‍ അറിയിച്ചു.

ക്യാംപില്‍ നിന്നുമുള്ള കാഴ്ച. ഫൊട്ടോ ഹരിഹരന്‍ സുബ്രഹ്മണ്യന്‍

” അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ ക്യാംപ് ആണിത്. ഈ ക്യാംപിന്റെ വിജയം കണ്ടതോടെ ഇത്തരത്തിലുള്ള കൂടുതല്‍ ക്യാംപുകള്‍ അക്കാദമിയുടെ പരിഗണനയിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ഇത്തരത്തിലുള്ള ക്യാംപുകള്‍ ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട്. മലയാളികള്‍ കൂടുതലുള്ള ചെന്നൈയിലും ബെംഗളൂരുവിലും ഇത്തരത്തിലുള്ള ക്യാംപ് നടത്തുന്ന കാര്യവും അക്കാദമിയുടെ ആലോചനയിലുണ്ട്. ” ലളിത കലാ അക്കാദമി അംഗമായ സോംജി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

കലാകാരൻ സമൂഹത്തിന്റെ ഭാഗമായതിനാൽ ഒരു ദുരന്തം ആ സമൂഹത്തെ ബാധിക്കുമ്പോൾ അയാൾക്ക് അതിനോട് മുഖം തിരിക്കാനാവില്ല എന്നാണ് ഹോച്ചിമിന്‍ ആവര്‍ത്തിക്കുന്നത്. ഈ സംരംഭത്തിന് അക്കാദമി നല്‍കിയ പിന്തുണയെ കലാകാരന്മാർ സ്വാഗതം ചെയ്യുന്നുണ്ട്.
ലക്ഷങ്ങൾക്ക് ചിത്രങ്ങള്‍ വില്‍ക്കുന്ന മുതിര്‍ന്ന കലാകാരന്മാരടക്കമുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

“ഇത്രയും കുറഞ്ഞ ഒരു വിലയ്ക്ക് പ്രഗത്ഭരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ ആളുകളിൽ എത്തിക്കുകയും അവരിൽ “ചിത്രം” എന്ന കലാസങ്കൽപ്പം നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കാനുള്ള ശ്രമവും കൂടിയാണ്. ഓരോ വീട്ടിലും ഓരോ ചിത്രം വീതമെങ്കിലും ചരിത്രത്തില്‍ ഈ മഹാപ്രളയത്തെ അടയാളപ്പെടുത്താന്‍ ഇതിലും മികച്ച ഒന്നും ഉണ്ടാവില്ല.” ഹോച്ചിമിന്‍ പറഞ്ഞു.

ഈ കൂട്ടായ്മ കേരളത്തിലെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലളിതകലാ അക്കാദമിയ്ക്ക് ലക്ഷ്യമുണ്ടെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kalakar kerala lalit kala academy art expo durbar hall