പ്രളയം വിതച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ ഓരോ മനുഷ്യ ജീവിയും തങ്ങളാലാകുന്ന സഹായങ്ങളെത്തിക്കുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും, ക്യാമ്പിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായും, വീടു വൃത്തിയാക്കാന്‍ സഹായിച്ചുമെല്ലാം ദുരിതത്തെ നമ്മള്‍ ഒരുമിച്ച് നേരിടുമെന്ന് പരസ്പരം സാന്ത്വനിപ്പിക്കുകയാണ് ഓരോരുത്തരും. ഇക്കൂട്ടത്തില്‍ ചിത്രകലാരംഗത്തെ ‘കലാകാര്‍’ എന്ന സംഘടനയും പങ്കാളികളായിരുന്നു.

ലളിത കലാ അക്കാദമിയുമായി ചേര്‍ന്ന് എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ നടത്തിയ ചിത്രകലാ ക്യാംപിന്റെ തുടര്‍ച്ചയായി കോഴിക്കോട് അക്കാദമി ഗ്യാലറിയിലും ഇവര്‍ ഒത്തു ചേരും. യാത്രാബത്തയോ പ്രതിഫലമോ ഇല്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കാലാകാരെ അക്കാദമി സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ വടക്കന്‍ ജില്ലകളിലെ കലാകാരരുടെ സൃഷ്ടികള്‍ കോര്‍ത്തിണക്കിക്കൊണ്ടായിരിക്കും പ്രദര്‍ശനം സംഘടിപ്പിക്കുക. ഇതില്‍ നിന്നും ലഭ്യമാകുന്ന തുക കൊച്ചിയിലെ പ്രദര്‍ശനത്തില്‍ നിന്നും ലഭിച്ച തുകയുമായി ചേര്‍ത്ത് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് കലാകാര്‍ സംഘടനയുടെ സെക്രട്ടറി ഹോച്ചിമിന്‍ പറയുന്നത്.

Read More: Rebuilding Kerala: നിറങ്ങളൊഴുകി, പ്രളയ ജലത്തിന് മീതെ; കേരളത്തിന് വേണ്ടി ചായം ചാലിച്ച് ചിത്രകാരന്മാരും

‘കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കലാകാരരാണ് ഇതില്‍ പങ്കെടുക്കുന്നത്. 100 ക്യാന്‍വാസുകള്‍ നല്‍കിയിട്ടുണ്ട്. പിന്നെ കൊച്ചിയില്‍ ബാക്കിയായ 170 ചിത്രങ്ങളുമുണ്ട്. അവിടെ നടത്തിയ പ്രദര്‍ശനത്തില്‍ 6,60,500 രൂപ ലഭിച്ചു. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം പുതിയ ചുമരുകളിലാണ് തൂങ്ങാന്‍ പോകുന്നത്. ദൃശ്യകലയുടെ ഒരു സാധ്യതയെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. നവകേരളം എന്നു പറയുമ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും നവകേരളമായിരിക്കും. അതിനുള്ള പ്രവര്‍ത്തനം ഞങ്ങളുടെ ഭാഗത്തു നിന്നും തുടങ്ങിക്കഴിഞ്ഞു. 10 മുതല്‍ 17-ാം തീയതി വരെയാണ് കോഴിക്കോട് പ്രദര്‍ശനം നടക്കുക. കെ.കെ.മുഹമ്മദ്, സുധീഷ് തുടങ്ങിയവരുള്‍പ്പെടെ 40തില്‍ അധികം കലാകാരരുണ്ടാകും,’ ഹോച്ചിമിന്‍ പറയുന്നു. ചുരുങ്ങിയത് പത്തു ലക്ഷം രൂപയെങ്കിലും സർക്കാരിലേക്ക് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോച്ചിമിൻ പറയുന്നു.

ഏതൊരാള്‍ക്കും വാങ്ങാവുന്നത്ര വില കുറച്ചാണ് ഓരോ ചിത്രങ്ങളും വില്‍ക്കുന്നത്. 1X1 അടി വലിപ്പമുള്ള കാന്‍വാസില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആയിരം രൂപയും 1.5X 1.5 അടി വരുന്ന ചിത്രങ്ങള്‍ക്ക് 1500 അടി രൂപയുമാണ് വിലവരുന്നത്. അടിസ്ഥാന വിലയില്‍ കൂടുതലായി ഈടാക്കുന്നുമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ