തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി ടിവി ചാനലുകളോട്. അതിനു പിന്നിലെ കാരണം ക്രൈം ബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയ ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും കൊച്ചിയിലെത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സോബി പറഞ്ഞു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്.

Read More: തുടരുന്ന ദുരൂഹത; ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുനിന്ന് രണ്ട് പേര്‍ ഓടിരക്ഷപ്പെടുന്നതായി കണ്ടെന്നാണ് സോബി ജോര്‍ജ് നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. ഒരാള്‍ ഇടതുവശത്തേക്കും മറ്റൊരാള്‍ ബൈക്കിലും രക്ഷപ്പെടുന്നതായി കണ്ടുവെന്ന് കലാഭവന്‍ സോബി പറയുന്നു. അവരെ കണ്ടിട്ട് സാധാരണക്കാരായി തോന്നിയില്ല. മാനേജര്‍ പ്രകാശ് തമ്പിയോട് ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിനോട് കാര്യം പറയാം എന്നായിരുന്നു അദ്ദേഹം തന്ന മറുപടി. എന്നാല്‍, ഇതുവരെ പൊലീസ് വിളിക്കുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് സോബി ജോര്‍ജ് പറഞ്ഞു.

സംഭവം നടന്നതിന് ശേഷം ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ ആ വഴി തിരുനൽവേലിക്കു പോവുകയായിരുന്നു സോബി. കാറിനുള്ളിൽ ആരാണ് എന്ന് അപ്പോൾ അറിയില്ലായിരുന്നു. മുന്നോട്ടു പോകുമ്പോൾ ആണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും കണ്ടത്. കഴക്കൂട്ടം എത്തിയപ്പോഴാണ് അപകടം പറ്റിയത് ബാലഭാസ്കറിന് ആണെന്ന കാര്യം അറിയുന്നത്. പരിചയക്കാരനായ ഗായകൻ മധു ബാലകൃഷ്ണനെ വിളിച്ചപ്പോഴാണ് പ്രകാശ് തമ്പിയുടെ നമ്പർ ലഭിക്കുന്നതും അയാളെ വിളിക്കുന്നതും. എന്നാൽ, നല്ല രീതിയിലല്ല തനിക്ക് പ്രതികരണം ലഭിച്ചതെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ അച്ഛൻ വിളിച്ചപ്പോഴാണ് സോബി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Read More: മോനിഷ മുതൽ ബാലഭാസ്കർ വരെ: അപകടം കവർന്ന പ്രതിഭകൾ

പ്രകാശ് തമ്പിയുടെ പേര് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ഉയർന്നിരുന്നു. ഡി.ജി.പി.യോട് ബാലഭാസ്കറിന്റെ അച്ഛൻ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ട് പേര്‍ക്ക് വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം ഡിആര്‍ഐ അധികൃതരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.

ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അർജുൻ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ദുരൂഹത നീക്കാന്‍ ഏത് അന്വേഷണവും നടക്കട്ടെ എന്ന് ലക്ഷ്മി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.