കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ നുണ പരിശോധനയ്ക്ക് തയാറെന്ന് മണിയുടെ സുഹൃത്തുക്കള്‍. ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ഏഴുപേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചത്. നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സി.ബി.ഐ കേസേറ്റെടുത്തപ്പോള്‍ തന്നെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണോ അല്ലയോ എന്നറിയിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇവര്‍ക്ക് കോടതിയും നോട്ടീസയച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.
ജോബി സെബാസ്റ്റിന്‍, അരുണ്‍ സി.എ, എം.ജി വിപിന്‍, കെ.സി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്‍. കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
2016 മാര്‍ച്ച് 6 നായിരുന്നു മണിയുടെ മരണം. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.