ചാലക്കുടി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ അനിശ്ചിതകാല നിരാഹാര സമരത്തിന്. ചാലക്കുടി കലാമന്ദിറിൽ കഴിഞ്ഞ രണ്ടു ദിവസമായി രാമകൃഷ്ണൻ നിരാഹര സമരം നടത്തിവരികയായിരുന്നു. എന്നാൽ തന്റെ സമരത്തോട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇല്ലാതെ വന്നതോടെയാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

മണിയുടെ മരണം സ്വാഭാവിക മരണമാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് രാമകൃഷ്ണൻ ആരോപിച്ചു. അമൃതയിൽ ചികിത്സയിലായിരുന്ന സമയത്ത് തന്നെ ശരീരത്തിൽ വിഷാംശം കലർന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പൊലീസ് റിപ്പോർട്ട് എഴുതിയത്. കുടുംബാംഗങ്ങൾ പറയാത്ത കാര്യങ്ങൾ പ്രതികൾക്ക് അനുകൂലമായി പൊലീസ് രേഖപ്പെടുത്തിയെന്നും രാമകൃഷ്ണൻ ആരോപിച്ചു.

മണിയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. കൊലപാതകമെന്നോ ആത്മഹത്യയെന്നോ സ്ഥിരീകരിക്കാൻ മതിയായ തെളിവുകളില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളില്ലെന്നു വ്യക്തമാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ബന്ധുക്കളുടെ ആവശ്യമനുസരിച്ചു കേസ് സിബിഐക്കു കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത അനിശ്ചിതത്വത്തിലാണു പൊലീസും കേസ് അവസാനിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ