കൊച്ചി: കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോർട്ട്. കരൾ രോഗമാണ് മരണകാരണമെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം സിജെഎം കോടതിയിലാണ് 35 പേജുള്ള അന്വേഷണ റിപ്പോർട്ട് സിബിഐ സമർപ്പിച്ചത്. പ്രമുഖ ഡോക്ടർമാർ അടങ്ങിയ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് റിപ്പോർട്ട് തയാറാക്കിയത്.
Also Read: കേരളത്തിൽ ബിജെപിക്ക് പ്രസിഡന്റില്ലാത്തതിന്റെ വിടവ് നികത്തുകയാണ് ഗവർണർ: കോടിയേരി
ചൈൽഡ് സി ലിവർ സിറോസിസാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. കരൾ ദുർബലമായതിനാൽ മിഥൈൽ ആൽക്കഹോൾ ശരീരത്തിൽ തന്നെ കിടന്നു. അതേസമയം രക്തത്തിൽ കണ്ടെത്തിയ മിഥൈൽ ആൽക്കഹോളിന്റെ അളവ് അപകടകരമായ നിലയിലല്ല. ശരീരത്തിൽ നാല് മില്ലിഗ്രാം മാത്രമാണ് ആൽക്കഹോളിന്റെ അംശം കണ്ടെത്തിയത്.
Also Read: ഞാനായിരുന്നു അധികാരത്തിലെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേനെ: ഗവർണർ ആരിഫ് ഖാൻ
ആയുർവേദ ലേഹ്യത്തിൽനിന്നാണ് കഞ്ചാവിന്റെ അംശം ശരീരത്തിൽ എത്തിയത്. ക്ലോർപൈറിഫോസ് ശരീരത്തിൽ എത്തിയത് പച്ചക്കറി വേവിക്കാതെ കഴിച്ചതുകൊണ്ടാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത്
മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് രാമകൃഷ്ണൻ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.