കൊച്ചി: നടന്‍ കലാഭവന്‍മണിയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കി. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരടക്കം ഏഴുപേരെയാണ് നുണപരിശോധന നടത്തുക. ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരെ സിബിഐ നുണപരിശോധനക്ക് വിധേയരാക്കും.

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു ഉള്‍പ്പടെ ഏഴുപേരും കോടതിയെ അറിയിച്ചിരുന്നു. ഇവരെ കൂടാതെ ജോബി സെബാസ്റ്റ്യന്‍, സി.എ. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരേയും നുണപരിശോധനയ്ക്ക് വിധേയരാക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ക്രൈംബ്രാഞ്ചിലെ സി.ബി.ഐ. സൂപ്രണ്ടാണ് നുണപരിശോധന നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയിരുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.

രാമകൃഷ്ണന്റെ പരാതിയെ തുടര്‍ന്ന് 2017 മെയ് മാസത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ച് സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു. നുണ പരിശോധന കേരളത്തില്‍ തന്നെ നടത്തണമെന്ന ആവശ്യം ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.