എറണാകുളം: കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെുത്തത്. കൊച്ചിയിലെ സിബിഐ ഇൻസ്‌പെക്ടർ വിനോദിന്റെ നേത്രത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗുരുതരമായ കരൾ രോഗമാണ് മണിയുടെ മരണ കാരണം എന്നാണ് കേരള പൊലീസിന്രെ നിഗമനം. ഫോറൻസിക് പരിശോധന ഫലങ്ങൾ സ്വാഭിവിക മരണാണ് എന്ന് സാധൂകരിക്കുന്ന തരത്തിലുള്ളത് എന്നായിരുന്നു എന്നാണ് കേരള പൊലീസിന്റെ ഭാഷ്യം.
എന്നാൽ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് രാമകൃഷ്ണൻ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തേ കേസ് അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച് സിബിഐ രംഗത്ത് വന്നിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ഇവർ വ്യക്തമാക്കിയെങ്കിലും രാമകൃഷ്ണന്റെ വാദങ്ങൾ അംഗീകരിക്കാനാണ് കോടതി തീരുമാനിച്ചത്.