കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സ്ത്രീകളെ മല കയറ്റാന്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഋതുമതികളായ സ്ത്രീകൾ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പഴയ രീതിയാണ് നല്ലത്. ഋതുമതികളായ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് വിശുദ്ധി എന്നാണ് എന്റെ പക്ഷം. പുരോഗമനമെന്ന് പറഞ്ഞ് പഴമയില്‍ വെള്ളം കലര്‍ത്തരുത്. തുല്യതയാണ് വിഷയമെങ്കില്‍ സ്ത്രീകളാണ് പ്രവേശനം വേണമെന്ന് പറഞ്ഞ് മുന്നിട്ട് നില്‍ക്കുക. അവരെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധം എന്തിനാണ്. പഴമയും പുതുമയും തമ്മില്‍ ചേര്‍ത്താല്‍ പുതിമ ഉണ്ടാവില്ല, പുഴമ മാത്രേ ഉണ്ടാവുകയുളളൂ’ കൈതപ്രം വ്യക്തമാക്കി.

‘തന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒന്നും മുതലെടുപ്പിന് സൗകര്യം കൊടുക്കാതെ സര്‍ക്കാര്‍ നടപടി എടുക്കണം. ആരും ഇത് മുതലെടുക്കാന്‍ പാടില്ല. സര്‍ക്കാര്‍ ധൃതി വച്ചാല്‍ അത് മറ്റുളളവര്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കും. സ്ത്രീകള്‍ കയറിയില്ലെങ്കില്‍ ശബരിമല കത്തിപ്പോകുമെന്ന ധൃതി വേണ്ട. ധൃതി കൂട്ടുന്നവരും എതിരായി പറയുന്നവരും മുതലെടുക്കുന്നുണ്ട്. സര്‍ക്കാരാണ് ഇത് ശ്രദ്ധിക്കേണ്ടത്. ജനങ്ങള്‍ ശക്തരാണ്. ഒന്നും നടക്കാന്‍ പോകുന്നില്ല. സ്ത്രീകളെ അവിടെ കയറ്റുക എന്നത് ഈ നൂറ്റാണ്ടിലൊന്നും നടക്കില്ല. ഇതില്‍ ജനങ്ങളുടെ ഭാഗത്താണ് ഞാന്‍. വിശ്വാസികളുടെ ഭാഗത്താണ്. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇത് പിന്നീട് മറ്റ് മതങ്ങളിലേക്കും വ്യാപിക്കും,’ കൈതപ്രം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.