/indian-express-malayalam/media/media_files/uploads/2017/02/p-jayarajan.jpg)
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയ അനുബന്ധ കുറ്റപത്രം എറണാകുളം സിബിഐ കോടതി സ്വീകരിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതിചേർത്തിട്ടുള്ള പി ജയരാജനടക്കമുള്ള ആറ് പ്രതികളോട് നവംബര്‍ 16ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
നേരത്തെ, ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം മടക്കിയത്. എന്നാൽ ഇത്തവണ കോടതി ആവശ്യപ്പെട്ട രേഖകൾ എല്ലാം അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. ഇതിനിടെ യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.
ജയരാജനെതിരെ ശക്തമായ തെളിവുകളാണ് കുറ്റപത്രത്തിലുളളതെന്നാണ് സൂചന. ജയരാജനെതിരെ യുഎപിഎ ഉൾപ്പെടെ 15 ലേറെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആകെ 25 പ്രതികളാണ് കുറ്റപത്രത്തിലുളളത്. ഇതിൽ 25-ാം പ്രതിയാണ് ജയരാജൻ.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെന്ന് കുറ്റപത്രത്തിലുണ്ട്. ജയരാജനെ ആക്രമിച്ചതിലുളള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിലൂടെ കണ്ണൂരിൽ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. ഒന്നാം പ്രതി വിക്രമനുമായി ചേർന്ന് ജയരാജൻ ഗൂഢാലോചന നടത്തി. വിക്രമനാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതും കൊല നടത്താനായി സംഘത്തെ സ്ഥലത്തെത്തിച്ചതും. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് ജയരാജനാണ്. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജയരാജൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് നേതാവ് കെ.മനോജിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. മനോജിന്റെ വാഹനത്തിനുനേരെ ബോംബെറിഞ്ഞ ശേഷം വാഹനത്തിൽനിന്നും വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ എന്നിവരടക്കം 25 സിപിഎം പ്രവർത്തകരാണു കേസിലെ പ്രതികൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.