കൊച്ചി: കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് മുഴുവൻ രേഖകളും നാളെ ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹർജി. പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
Read Also: ഗൂഢാലോചനയെന്ന് ആരോപണം; കടയ്ക്കാവൂര്‍ കേസില്‍ കുട്ടിയുടെ വൈദ്യപരിശോധന വീണ്ടും നടത്തും
നാലു കുട്ടികളുടെ മാതാവായ തന്നെ ഭർത്താവ് നിരന്തരം മർദ്ദിക്കാറുണ്ടെന്നും നിയമപരമായി വിവാഹമോചനം തേടാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. തനിക്കൊപ്പമുണ്ടായിരുന്ന മക്കൾ ഭർത്താവിനൊപ്പമാണെന്നും ജീവനാംശത്തിനും മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ടും കേസുണ്ടെന്നും ഭർത്താവ് മകനെ തനിക്കെതിരെ ഉപയോഗിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. സ്വന്തം വീട്ടിൽ കഴിയുന്ന താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.
പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു, എന്നാൽ ഇത് കളളക്കേസ് ആണെന്നും കുട്ടിയുടെ പിതാവ് നിയമാനുസൃതമല്ലാതെ മറ്റൊരു വിവാഹം കഴിച്ചതായും കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം.
പൊലീസ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. ഒരിക്കലും ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്ന് മകളെ ഭീഷണിപ്പെടുത്തി. സമ്മർദം കാരണമാണ് കുട്ടി അമ്മയ്ക്ക് എതിരെ മൊഴി നൽകിയിരിക്കുന്നത്. സ്ത്രീധന പീഡന പരാതികളിൽ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുൾപ്പടെ നാല് പേർക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി.