scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

കടയ്‌ക്കാവൂർ പോക്‌സോ കേസ്: ഒടുവിൽ അമ്മയ്‌ക്ക് നീതി, കുറ്റവിമുക്തയാക്കി

പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്

Quran, Court, Copyright

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിമൂന്ന്കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയിൽ അമ്മയ്ക്ക് നീതി. ആരോപണം വ്യാജമാണെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ശരിവെച്ച കോടതി അമ്മയെ കുറ്റമുക്തയാക്കി. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. മൂന്ന് വർഷത്തോളം പതിമൂന്ന്കാരനായ മകനെ അമ്മ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്.

കേസില്‍ അമ്മയ്‌ക്കെതിരെ ഉണ്ടായ ആരോപണങ്ങൾ വ്യാജമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് തങ്ങളുടെ കണ്ടെത്തലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

പോക്‌സോ കേസില്‍ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ല.

വ്യക്തിപരമായ വിരോധം തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു അമ്മയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്റെ വാദം.

Also Read: അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി വനജ; സംസ്ഥാനത്ത് ജനറല്‍ ആശുപത്രി വഴിയുള്ള ആദ്യ അവയവദാനം

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും അമ്മ ആരോപിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ആ ആരോപണം. പരാതി നല്‍കിയ മകന്‍ ഉള്‍പ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി മാധ്യമങ്ങളോട് അന്ന് പറയുകയും ചെയ്തിരുന്നു.

കേസിൽ എഫ്ഐആർ ഇട്ടതിലും ആദ്യം അന്വേഷണം നടത്തിയതിലും ജാഗ്രതക്കുറവുണ്ടായതായി വിമർശനമുണ്ടായിരുന്നു. അറസ്റ്റിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷണം ഏറ്റെടുത്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kadakkavoor posco case mother acquitted