കൊച്ചി: കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാതൃത്വത്തിന്റെ പവിത്രത ഈ കേസിൽ പൂർണമായും അവഗണിക്കപ്പെട്ടുവെന്നതിൽ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. മാതൃത്വമാണ് ലോകത്തെ ഏറ്റുവും മഹനീയ മാതൃകയെന്നും അമ്മയ്ക്ക് കുഞ്ഞിനോടുള്ള ബന്ധത്തിന് പകരം വയ്ക്കാനായി മറ്റൊന്നില്ലെന്നും ഉന്നയിക്കപ്പെടുന്ന ആരോപണം ഒൻപത് മാസം ചുമന്ന് പ്രസവിച്ച മാതാവിന് കുട്ടിയോട് ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാതാവിനെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു.

പ്രതിക്കെതിരായ ആരോപണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതി കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ പിതാവിന്റെ കസ്റ്റഡിയിൽ നിന്ന് മാറ്റാനും കോടതി നിർദേശിച്ചു.

Read More: ഗൂഢാലോചനയെന്ന് ആരോപണം; കടയ്ക്കാവൂര്‍ കേസില്‍ കുട്ടിയുടെ വൈദ്യപരിശോധന വീണ്ടും നടത്തും

ശിശു സംരക്ഷണ സമതിയുടെ സംരക്ഷണത്തിലേക്ക് കുട്ടിയെ മാറ്റണം. കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ബോർഡിൽ ചൈൽഡ് സൈക്കോളജിസ്റ്റിനേയും ന്യൂറോളജിസ്റ്റിനേയും വനിത ഡോക്ടറേയും ഉൾപ്പെടുത്താനും കോടതി നിർദേശിച്ചു. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വി.ഷർഷസി കുട്ടിയുടെ മാതാവിന് ജാമ്യം അനുവദിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹർജി.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. വിവാഹ മോചനം സംബന്ധിച്ച തർക്കമല്ല കേസിന് പിന്നിലെന്നും മാതാവിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. കുട്ടിക്ക് പ്രത്യേകതരം മയക്കുമരുന്ന് നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. സംസ്ഥാനത്ത് മകനെ പീഡിപ്പിച്ചുവെന്ന കേസിൽ അമ്മ അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണിത്.

നേരത്തേ കുട്ടിയുടെ അമ്മയുടെ ജാമ്യത്തെ സർക്കാർ കോടതിയിൽ എതിർത്തിരുന്നതാണ്. അമ്മ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്, അതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.