തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. അറസ്റ്റിലായ അമ്മയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയയ്ക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

കേസിൽ പൊലീസ് അന്വേഷണത്തിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നത്. ഇതിന്റെ ഭാഗമായി വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർക്ക് കത്ത് നല്‍കി. ഉടൻ നടപടി സ്വീകരിക്കാമെന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് മറുപടി നൽകി. ബോർഡ് രൂപീകരിച്ച ശേഷം വൈദ്യപരിശോധനയുടെ തിയതി ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കും.

കേസിൽ കുറ്റാരോപിതയായ അമ്മയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് ലാബിലേക്ക് അയയ്ക്കും. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായാണ് നടപടി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കടയ്ക്കാവൂർ എസ്ഐ തയാറായില്ല. വസ്തുതാപരമായ കേസാണിതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും എസ്ഐ വിനോദ് വിക്രമാദിത്യൻ ഇന്ത്യൻ എക്‌‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു, എന്നാൽ ഇത് കളളക്കേസ് ആണെന്നും കുട്ടിയുടെ പിതാവ് നിയമാനുസൃതമല്ലാതെ മറ്റൊരു വിവാഹം കഴിച്ചതായും കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം.

പൊലീസ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. ഒരിക്കലും ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്ന് മകളെ ഭീഷണിപ്പെടുത്തി. സമ്മർദം കാരണമാണ് കുട്ടി അമ്മയ്ക്ക് എതിരെ മൊഴി നൽകിയിരിക്കുന്നത്. സ്ത്രീധന പീഡന പരാതികളിൽ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുൾപ്പടെ നാല് പേർക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി.

യുവതിയടെ കുടുംബത്തിന്റെ ആരോപണത്തോട് ചേർന്നുനിൽക്കുന്നതാണ് ആക്ഷൻ കൗണ്‍സിലിന്റെ ആരോപണം. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുട്ടിയുടെ പിതാവുമായി ചേർന്ന് പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് ആക്ഷൻ കൗണ്‍സിൽ ആരോപിക്കുന്നത്. സംഭവത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ കൺവീനർ സക്കീർ ആവശ്യപ്പെട്ടു. ആരോപണവിധേയയുടെയും ഭർത്താവിന്റെയും കുടുംബങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നു സക്കീർ പറഞ്ഞു.

” ആരോപണവിധേയയും  ഭർത്താവും തമ്മിൽ തുടക്കം മുതൽ ദാമ്പത്യപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇക്കാര്യം അറിയാവുന്നതുകൊണ്ടും യുവതി നിരപരാധിയാണെന്നു ബോധ്യമുള്ളതുകൊണ്ടുമാണ് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചത്. യുവതിയുടെ ഭർത്താവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണം. ഇരുവരും തമ്മിലുള്ള ബന്ധം നിയമാനുസൃതം വേർപെടുത്തുന്നതിനു മുൻപാണ് ഭർത്താവ് മറ്റൊരു വിവാഹം ചെയ്തത്. മാസം 60,000 രൂപ ജീവനാംശമായി വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പട്ടിരുന്നു. ഇതിനിടയിലാണ്  ഭർത്താവ് നിയമാനുസൃതമല്ലാത്ത മറ്റൊരു വിവാഹം ചെയ്തത്. കേസിനു പിന്നിൽ, കൗണ്‍സിലറായ രണ്ടാം ഭാര്യയുടെ സ്വാധീനമുണ്ടോയെന്ന് അന്വേഷിക്കണം,” സക്കീർ പറഞ്ഞു.

” 2017 മുതൽ കുട്ടിയെ അമ്മ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതി ഒന്നര വർഷം കഴിഞ്ഞാണ് നൽകുന്നത്. ഈ ഒന്നര വർഷവും കുട്ടി പിതാവിന്റെയും രണ്ടാനമ്മയുടെ കൂടെയായിരുന്നു. അവർ കുട്ടിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കുട്ടി ഉൾപ്പെടെയുള്ള ആദ്യ ബന്ധത്തിലെ നാലിൽ മൂന്ന് കുട്ടികളും യുവാവിന്റെ കൂടെയാണ്. ഇവരെ വീട്ടിൽനിന്നു പുറത്തുവിടുകയോ വിദ്യാഭ്യാസം കൊടുക്കുകയോ ചെയ്യുന്നില്ല. ഒരു കുട്ടി മാത്രമാണ് അമ്മയ്‌ക്കൊപ്പമുള്ളത്. കുട്ടിയെ ഒരു മാസം സ്വതന്ത്രമായി മാറ്റി നിർത്തി ആവശ്യമായ ചികിത്സ നൽകി മൊഴിയെടുക്കണം. ഇതുകൂടാതെ യുവതിയുടെ ഭർത്താവും പൊലീസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണം. പൊലീസ് യുവതിയുടെ ഭർത്താവിന്റെ പശ്ചാത്തലമൊന്നും പരിശോധിച്ചിട്ടില്ല. സംഭവത്തിനുപിന്നിൽ നിഗൂഢ ബന്ധങ്ങളുണ്ട്, ” സക്കീർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്നും വാർഡ് മെമ്പറും ആക്ഷൻ കൗണ്‍സിൽ അംഗവുമായ ഫൈസൽ പറഞ്ഞു.

” സത്യം തെളിയണം. തെറ്റ് ചെയ്യാത്ത ഒരാൾ ഒരു കാരണവശാലും ശിക്ഷിക്കപ്പെടരുത്. പിതാവ് നിരന്തരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് യുവതിയുടെ കൂടെയുള്ള മൂന്നാമത്തെ കുട്ടി ഞങ്ങളോട് പറഞ്ഞത്. സംഭവത്തിനുശേഷവും ഈ കുട്ടിയെ വിളിച്ച് പിതാവ് ഭീഷണിപ്പെടുത്തി. സംഭവത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തുവരുണം. യുവതിയുടെ ഭർത്താവിന്റെ സാമ്പത്തിക വളർച്ച പെട്ടെന്നുണ്ടായതാണ്. അതുപോലെ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കണം, ” ഫൈസൽ പറഞ്ഞു.

അതേസമയം, പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി ഐജി ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചു. കേസ് ഡയറി പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് ഉടനെ സമർപ്പിക്കും. യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകും. ജാമ്യാപേക്ഷ ജില്ലാ പോക്സോ കോടതി തള്ളിയ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. ഭർത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കള്ളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. കുടുംബത്തിൽനിന്നു ഐജി വിവരങ്ങൾ തേടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.