പമ്പ: ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയെ പരിഹസിച്ച മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ജേക്കബ് തോമസിന്റെ പരിഹാസത്തെ കാര്യമായി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പൊലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്നും കടകംപളളി പരിഹസിച്ചു.

ശബരിമലയിലെ നടപടിക്ക് പകരം കുണ്ടന്നൂര്‍ ജംഗ്ഷനിലാണ് ആദ്യം നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടതെന്നായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്. സുപ്രിംകോടതി വിധി സര്‍ക്കാരിന് നടപ്പിലാക്കാതിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.

‘ശബരിമലയില്‍ നിരോധനാജ്ഞ ഉണ്ടെങ്കില്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലും നിരോധനജ്ഞ വേണം. നാലോ അഞ്ചോ അംഗങ്ങളില്‍ കൂടുതലുളള വീടുകളിലും നിരോധനാജ്ഞ വേണമെന്നാണ് എന്റെ അഭിപ്രായം. സുപ്രിംകോടതി വിധികളെല്ലാം ഇവിടെ നടപ്പിലാക്കിയിട്ടുണ്ടോ. എത്ര വിധികള്‍ നടപ്പിലാക്കാതെ നില്‍ക്കുന്നുണ്ട്,’ ജേക്കബ് തോമസ് പറഞ്ഞു.

‘ഞാന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അവിശ്വാസികള്‍ എന്നൊരു വിഭാഗം ഇപ്പോള്‍ കേരളത്തില്‍ രൂപപ്പെടുന്നുണ്ട്. ശാന്തിയുടേയും സമാധാനത്തിന്റേയും വിശ്വാസത്തിന്റേയും സ്ഥലമാവേണ്ട സ്ഥലമാണ് ശബരിമല. പലവിധ വിശ്വാസങ്ങളുണ്ടല്ലോ. ഞാന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. കാത്തിരിക്കാം എന്നൊരു മൂവ്മെന്റ് സ്ത്രകള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. അത് അവര്‍ക്ക് തന്നെ വിടേണ്ട കാര്യമാണ്,’ ജേക്കബ് തോമസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.