തിരുവനന്തപുരം: വനിതാ മതിലിനെ ചൊല്ലി പുതിയ വിവാദത്തിന് തിരികൊളുത്തി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. വനിതാ മതിലിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്.

വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്നും ശബരിമല ദര്‍ശനത്തിന് സ്ത്രീകളെത്തിയാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ ആ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നും യുവതികള്‍ വരുന്നുവെന്ന വാര്‍ത്തയോടും മന്ത്രി പ്രതികരിച്ചു. ദര്‍ശനത്തിനായി മനീതി സംഘടന മുഖ്യമന്ത്രിയെ സമീപിച്ചോ എന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

വനിതാ മതിലിനെ വിമര്‍ശിച്ച എന്‍എസ്എസ്സിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വനിതാ മതിലില്‍ എന്‍എസ്എസ്സിന്റെ പ്രതികരണം ശരിയായില്ലെന്നും എന്‍എസ്എസ് നേതൃത്വം നിലപാട് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന എന്‍എസ്എസ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. എന്‍എസ്എസിന് എങ്ങനെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാകും. എന്‍എസ്എസിനെ ആര്‍എസ്എസ് തൊഴുത്തില്‍ക്കൊണ്ട് കെട്ടാനുള്ള നീക്കമാണ്. ഇതിനെതിരെ എന്‍എസ്എസില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരണം. എന്‍എസ്എസിന്റെ നടപടി ആത്മഹത്യാപരമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ