തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ഓഖി ദുരന്തബാധിതരുടെ വീടുകളിൽ സാന്ത്വനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തി. വെട്ടുകാട് തീരദേശത്താണ് മന്ത്രി സന്ദർശനം നടത്തിയത്. മന്ത്രിയും ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളിലൊന്നും തന്നെ പങ്കെടുക്കില്ല. ചുഴലിക്കാറ്റ് വിതച്ച തീരാദുരിതങ്ങള്‍ പേറിക്കഴിയുന്ന തീരദേശത്തിന് ഇത്തവണ ക്രിസ്മസ് ഇല്ല. ഉറ്റവരെയും കിടപ്പാടവും സര്‍വ്വതും നഷ്ടപ്പെട്ടതിന്റെ വേദനക്കിടയില്‍ വന്നെത്തിയ ക്രിസ്മസ് മനസറിഞ്ഞ് ആഘോഷിക്കാനാകാതെ ശോകമൂകമാണ് തീരദേശം.

വിഴിഞ്ഞത്തെയും പൂന്തുറയിലെയും പളളികളിലും ഇത്തവണ ആഘോഷത്തിന്രെ ആരവങ്ങളില്ല. സാധാരണഗതിയിൽ വിളക്കുകളുടെയും സംഗീതത്തിന്രെയുമെല്ലാം പ്രഭയിൽ പ്രകാശപൂരിതമാകുന്ന ഈ ഇടങ്ങളെല്ലാം ഇത്തവണ വേർപാടിന്രെ ദുഃഖസാന്ദ്രമായ നിശബ്ദതയാണ്. ദുഃഖക്കയത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനാവാതെ പകച്ചുനിൽക്കുകയാണ് ഈ പ്രദേശങ്ങൾ. പ്രിയപ്പെട്ടവരുടെ വേർപാടും അനവധി പേരെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമാകാത്തത്തും ഇവിടെയുളളവരുടെയുളളിൽ ആധിയുടെയും ആശങ്കയുടെയും ചുഴലിക്കാറ്റായി വീശുന്നത്.

നവംബർ 30 ന് തുടങ്ങിയ ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ആൾ നഷ്ടമുളളപ്പടെ കനത്ത നഷ്ടം സംഭവിച്ചിരുന്നു. എഴുപതിലേറെപ്പേർ ഈ ദുരന്തത്തിൽ മരിച്ചതായി ഇതുവരെയുളള കണക്കുകൾ സ്ഥിരീകരീച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ