തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുന്നതോടെ തിരുവനന്തപുരത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗവ്യാപനം ഉണ്ടാക്കാൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നു. തലസ്ഥാനത്ത് ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. ന​ഗരവാസികൾ സ്വാതന്ത്ര്യം കിട്ടിയപോലെ പ്രവർത്തിക്കുന്നെന്നും ചാനലിൽ മുഖം കാണിക്കാനായി സമരക്കാർ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമർശിച്ചു.

സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിരോധിക്കും. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് പോകരുതെന്നും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

Read More: തലസ്ഥാനത്ത് ഉറവിടമറിയാതെ 20 രോഗികൾ; ഇന്ന് മുതൽ അണുനശീകരണം

വെള്ളിയാഴ്ച മുതൽ നഗരത്തിൽ അണുനശീകരണം ആരംഭിച്ചിരുന്നു. കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.

Read More: കായംകുളത്ത് സമൂഹവ്യാപന ആശങ്ക, ഒരു കുടുംബത്തിലെ 16 പേര്‍ക്ക് രോഗം

പാളയത്തെ സാഫല്യം കോംപ്ലക്‌സ് ഉള്‍പ്പെടുന്ന പ്രദേശം നേരത്തേ തന്നെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്-17, വഴുതൂര്‍, ബാലരാമപുരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്-തളയല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ്-66, പൂന്തുറ, വാര്‍ഡ്-82, വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍-27 കൂടാതെ പാളയം വാര്‍ഡ് എന്നീ പ്രദേശങ്ങളും കലക്ടര്‍ നവജോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

സാഫല്യം കോംപ്ലക്സിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ്, കോംപ്ലക്‌സ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. പരിസരത്തു വഴിയോര കച്ചവടം അനുവദിക്കുന്നില്ല. കോംപ്ലക്‌സിൽ വന്നുപോയവരെ നിരീക്ഷിക്കും. മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്‌സിനു സമീപത്തുള്ള പാളയം മാർക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. പ്രധാന ഗേറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കുന്നുണ്ട്. പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.