തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി എത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റേതായിരുന്നു വെന്നും കാര്യങ്ങള്‍ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്നും മുരളീധരനോട് കടകംപള്ളി പറഞ്ഞു.
“കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേരള സര്‍ക്കാര്‍ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തില്‍ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്,” കടകംപള്ളി പറഞ്ഞു.
Read More: ആരാധനാലയങ്ങളും മാളുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും; മാർഗനിർദേശങ്ങൾ പാലിക്കണം
ക്ഷേത്രങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാര്‍, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു വി.മുരളീധരന്റെ വിമർശനം.
മുരളീധരന്റെ അവസ്ഥ ‘ഹാ കഷ്ടം’ എന്നല്ലാതെ പറയാനാവില്ല. ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
“കേന്ദ്ര നിർദേശം നടപ്പാക്കുകയാണ് സംസ്ഥാന നിലപാട്. അതിനാലാണ് പാട്ട കൊട്ടാനും വിളക്ക് തെളിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചത്. ക്ഷേത്രങ്ങൾ തുറക്കാതിരുന്ന് അതിന്റെ മുതലെടുപ്പായിരുന്നു ലക്ഷ്യം.”
ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം തെറ്റായിരുന്നു എങ്കിൽ, ആ തെറ്റ് ചെയ്തത് മോദിയും അമിത് ഷായുമാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. അമ്പലങ്ങളോട് ഒരു താൽപര്യവും ഇല്ലാത്ത യഥാർത്ഥ നിരീശ്വരവാദികളാണ് ബിജെപിക്കാർ. വി.മുരളീധരൻ ചെയ്യുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഈ വിഷയത്തിൽ മറ്റൊരു സുവർണാവസരമായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്നും കടകംപള്ളി ആരോപിച്ചു.
Read More: ശബരിമല പ്രവേശനത്തിനുള്ള ഓൺലെെൻ ബുക്കിങ് ആരംഭിക്കുന്നു; മണിക്കൂറിൽ 200 പേർക്ക് മാത്രം പ്രവേശനം
കേന്ദ്ര നിർദേശം വന്നശേഷം വിവിധ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. ചർച്ചയിൽ ആരാധനാലയങ്ങൾ എന്ന് തുറക്കണം എന്തൊക്കെ മുന്നൊരുക്കങ്ങൾ പാലിക്കണം തുടങ്ങിയവ വളരെ വിശദമായി അവലോകനം ചെയ്തു.
മേയ് 30നാണ് ആരാധനായലങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ജൂൺ നാലിന് തുറന്നാൽ പാലിക്കേണ്ട നിർദേശങ്ങൾ എല്ലാം സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.