scorecardresearch

മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുത്; മുരളീധരനോട് കടകംപള്ളി

മുരളീധരന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു

kadakampally surendran,salary cut,ലോക്ക് ഡൗൺ,സാലറി കട്ട്,ശമ്പളം പിടിക്കൽ,കടകംപള്ളി സുരേന്ദ്രൻ,വി മുരളീധരൻ,v muraleedharan

തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുരളീധരന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുതെന്നും കടകംപള്ളി പറഞ്ഞു.

സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധത്തിൽ ജാഗ്രത കുറവ് കാണിച്ചുവെന്നും അതുകൊണ്ടാണ് ഇടുക്കിയും കോട്ടയവും ഗ്രീൻ സോണിൽ നിന്ന് റെഡ് സോണായി മാറിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് മുരളീധരന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അനവസരത്തിലായെന്നും കടകംപള്ളി പറഞ്ഞു.

ആദ്യം സ്വന്തം ഉത്തരവാദിത്തം നിറവേറ്റാൻ മുരളീധരൻ ശ്രമിക്കണം. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read More: കോവിഡ്-19: രാജ്യത്ത് 129 റെഡ് സോണുകൾ

സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകരേയും കടകംപള്ളി വിമർശിച്ചു. ആറ് ദിവസത്തെ ശമ്പളം കടം ചോദിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചിട്ട് അത് റെക്കോര്‍ഡ് ചെയ്ത് ഫെയ്സ്ബുക്കിലിട്ടത് നീചപ്രവൃത്തിയാണ്. അത്തരം പ്രവൃത്തി ചെയ്ത അധ്യാപക ശ്രേഷ്ഠ സമൂഹത്തെ ആര്‍ത്തിപണ്ടാരങ്ങള്‍ എന്നേ വിളിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ വീണ്ടുമുണ്ടായ രോഗവ്യാപനം സർക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ലെന്നും മറ്റുളളവർ സർക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട്, കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ പെരുമാറണമെന്നും മുരളീധരൻ പറഞ്ഞിരുന്നു.

“ഇടുക്കി, കോട്ടയം ജില്ലകളെ എറ്റവും സുരക്ഷിതമായ ഗ്രീൻ സോണിൽ ഉൾപ്പടുത്തിയാണ് കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോൾ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറി. കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി ആറുകാരും ആവർത്തിച്ചിരുന്നത്. എന്നാൽ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സർക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല.”

“മറ്റുളളവർ സർക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട്, കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകൾ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കിൽ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം. അതീവ ജാഗ്രത തുടരാം. അതിൽ വിട്ടുവീഴ്ച ഇനി പാടില്ല,” എന്നായിരുന്നു മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kadakampally surendran slams v muraleedharan