/indian-express-malayalam/media/media_files/uploads/2018/11/surendran.jpg)
തിരുവനന്തപുരം: ബിജെപി നേതാവ് കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം കളളമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. പൊലീസ് സ്റ്റേഷനിൽ സുരേന്ദ്രന് എല്ലാ സൗകര്യവും ഒരുക്കി. കിടക്കാൻ ബെഞ്ച്, കുടിക്കാൻ ചൂടുവെളളം, ഭക്ഷണം ഒക്കെ നൽകി. മരുന്ന് കഴിക്കാൻ സൗകര്യമൊരുക്കി. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
ഇരുമുടിക്കെട്ട് സുരേന്ദ്രൻ സ്വയം താഴെയിട്ടതാണ്. പൊലീസ് ചവിട്ടിയിട്ടില്ല. അമ്മ മരിച്ച് 4 മാസം തികയും മുൻപാണ് ശബരിമലയിലെത്തിയത്. ആചാരങ്ങളിൽ വിശ്വസിക്കുന്നവർ 6 മാസം കഴിയാതെ അമ്പലത്തിൽ പോകാറില്ല. ഈ ആചാരം തെറ്റിച്ച് ശബരിമലയിലെത്തിയ ആളാണ് വിശ്വാസത്തെക്കുറിച്ച് പറയുന്നത്. ഇതൊന്നും വിശ്വാസത്തിനു വേണ്ടിയല്ല, വോട്ട് നേടാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
നിലയ്ക്കലിൽ വച്ച് അറസ്റ്റിലായത് മുതൽ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് കെ.സുരേന്ദ്രൻ ആരോപിച്ചത്. അറസ്റ്റ് ചെയ്ത് തന്നെ ചിറ്റാർ സ്റ്റേഷനിലെത്തിച്ച പൊലീസ് കുടിക്കാൻ വെള്ളംപോലും തന്നില്ലെന്നും മർദ്ദിച്ചെന്നുമെന്നായിരുന്നു സുരേന്ദ്രന്റ അവകാശവാദം . പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സുരേന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ എക്സറേയിലും മറ്റ് പരിശോധനകളിലും പരുക്കുകളോ മര്‍ദ്ദനമേറ്റ ലക്ഷണങ്ങളോ കണ്ടെത്തിയില്ല. ഇതിനെ കുറിച്ചുളള ചോദ്യത്തിന് സുരേന്ദ്രന്റെ പ്രതികരണം ഇതായിരുന്നു, ‘അന്യായമായാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ചെയ്തത്. മുറിവുകളൊന്നും ഇല്ലെങ്കില്‍ അവര്‍ അത് രേഖപ്പെടുത്തില്ലല്ലോ. എന്റെ വസ്ത്രം നോക്കൂ, ഞാൻ ഇങ്ങനെ അല്ലല്ലോ വന്നത്’.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.