/indian-express-malayalam/media/media_files/uploads/2018/10/kadakampally-1.jpg)
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളില്‍ വിഷമമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2018ൽ നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും വിഷമമുണ്ടെന്നും സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
"2018 ലെ ഒരു പ്രത്യേക സംഭവവികാസമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസിലില്ലെന്നാണ് കരുതുന്നത്. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്," കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിഷയമാക്കുന്നതിനിടെയാണ് കടകംപള്ളിയുടെ പ്രതികരണം.
Read More: പിറവത്ത് നാടകീയ രംഗങ്ങള്‍; ഇടത് സ്ഥാനാര്‍ഥി സിന്ധുമോൾ ജേക്കബിനെ പുറത്താക്കി
എന്നാൽ കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ ആരോപിച്ചു. സത്യവാങ്മൂലം തിരുത്താൻ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറല്ല. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി ശബരിമലയെ തകർക്കാൻ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസ വേട്ട നടന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റമെന്ന് ആരോപിച്ച സുരേന്ദ്രൻ, കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശബരിമല സമരത്തിന്റെ പേരില്‍ അയ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാമജപ ഘോഷ യാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ നിസാര കേസുകളാണ് പിന്‍വലിക്കുന്നത്. ഇതില്‍ തന്നെ കുറ്റപത്രം നല്‍കിയ കേസുകള്‍ മാത്രമേ നിയമപരമായി പിന്‍വലിക്കാനാവൂ. ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.