തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ എണ്ണത്തിലെ കുറവിന് അക്രമ പ്രവർത്തനങ്ങളും നുണ പ്രചാരണവും കാരണമായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വരുമാനം കുറയാനും ഇത് കാരണമായി. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് മണ്ഡലകാലം പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സന്നിധാനത്തെ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ആക്ടിവിസ്റ്റുകൾക്ക് പ്രവർത്തന മികവ് കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി ആവർത്തിച്ചു. ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെല്ലാം ആക്ടിവിസ്റ്റുകളാണെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരിന് പ്രത്യേക താൽപര്യമില്ല. അങ്ങനെ താൽപര്യമുണ്ടെങ്കിൽ അതിന് ശക്തിയില്ലാത്ത സർക്കാരൊന്നുമല്ല ഇപ്പോഴത്തേത്. സുപ്രീം കോടതി വിധി നിലനിൽക്കുന്ന കാലത്തോളം യുവതികൾ ശബരിമലയിലെത്തിയേക്കാമെന്നും മന്ത്രി പറഞ്ഞു.

അയ്യപ്പ ദർശനത്തിനെത്തിയ ഭക്തരിൽനിന്നും ഒരു വിധത്തിലുള്ള പരാതികളും ഇത്തവണ ഉണ്ടായിട്ടില്ല. പ്രളയത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിൽ പരാതിയുണ്ടാവുമെന്ന് കരുതിയെങ്കിലും സർക്കാരിന്റെ പ്രവർത്തന മികവുമൂലം അതുണ്ടായില്ല. യുദ്ധകാലാടിസ്ഥാനത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയത്. അടുത്ത തീർത്ഥാടന കാലത്തോടെ നിലയ്ക്കലിൽ സ്ഥിരം ആശുപത്രി സ്ഥാപിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.