തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിരീക്ഷണ സമിതിയാണ് അഭിപ്രായം പറയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പൊലീസുമാണെന്ന് ഹൈക്കോടതി നിരീക്ഷക സമിതി അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മനിതി സംഘം മല കയറാതെ തിരിച്ചു പോയി. സ്വന്തം ഇഷ്ടപ്രകാരമാണ് മനിതി മടങ്ങിയതെന്ന് പൊലീസ് പറഞ്ഞെങ്കിലും, പൊലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മടങ്ങുന്നതെന്നും, ഇനിയും തിരിച്ചു വരുമെന്നും സെല്‍വി പറഞ്ഞു.

യുവതികൾ മല കയറാൻ തുടങ്ങിയതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. 100 മീറ്റർ മാത്രമേ യുവതികൾക്ക് പോകാനായുളളൂ. അതിനിടെ പ്രതിഷേധക്കാരുടെ സംഘം കൂട്ടമായെത്തി യുവതികളെ തടഞ്ഞു. പ്രാണരക്ഷാർത്ഥം യുവതികൾ പൊലീസ് ഗാർഡ് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് ഇവരെ പമ്പ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ