/indian-express-malayalam/media/media_files/uploads/2018/11/surendranxxcats-horz-001.jpg)
പത്തനംതിട്ട: അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പുറത്തുവിട്ടു. രണ്ട് തവണയാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് നിലത്തിട്ട് പ്രതിഷേധിച്ചത്. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലില്‍ സുരേന്ദ്രന്റെ ശ്രമം പാളി. ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുതെന്ന് കടകംപളളി ആവശ്യപ്പെട്ടു.
'പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്‌പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബിജെപി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പൊലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു,' കടകംപളളി പറഞ്ഞു.
കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ലെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 'ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വ്രതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും കടകംപളളി പറഞ്ഞു. കൂടുതല്‍ ദൃശ്യങ്ങളും കടകംപളളി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.
കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ.സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് സ്‌റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെ ഇട്ടത്.
ഒരു തവണ പൊലീസുകാരന്‍ ഇരുമുടിക്കെട്ട് എടുത്ത് നല്‍കി. രണ്ടാമത്തെ തവണയും ഇരുമുടിക്കെട്ട് താഴെ ഇട്ട് സുരേന്ദ്രന്‍ പ്രതിഷേധിച്ചതോടെ നിര്‍ബന്ധപൂര്‍വം അദ്ദേഹത്തിന് ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് നല്‍കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടതോടെ വൈറലായി മാറി. മനഃപൂര്‍വ്വം പൊലീസിന്റെ മേല്‍ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം ഉയര്‍ന്നു. സ്റ്റേഷന് പുറത്തിറങ്ങും മുമ്പ് ഇരുമുടിക്കെട്ട് നശിപ്പിച്ച് അത് പൊലീസിന്റെ തലയിലിട്ട് വാര്‍ത്തയ്ക്ക് സ്കോപ്പ് ഉണ്ടാക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് സോഷ്യൽ മീഡിയയില്‍ ആരോപണം ഉയർന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.