തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന ടൂറിസം മന്ത്രിയെന്ന നിലയില്‍ തനിക്ക് അനുമതി നല്‍കാതിരുന്നതിനെതിരെ കടകംപളളി സുരേന്ദ്രന്‍ രംഗത്ത്. ദേശീയ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തനിക്ക് അനുമതി നിഷേധിച്ചതെങ്കില്‍ അത് കേരളത്തിന്റെ ടൂറിസം വികസന സാധ്യതകളെ തുരങ്കം വെക്കാനുളള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് ശരി വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമപ്രകാരമാണ് അനുമതി നിഷേധിച്ചത് ദേശീയ താത്പര്യത്തിന് എതിരായത് കൊണ്ടാണെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

‘നമ്മുടെ സംസ്ഥാനത്തിന് എതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിമാരെയും, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അണിനിരത്തുന്നതും ഈ യാത്രാനുമതി നിഷേധവും കൂട്ടിവായിച്ചാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലാകും. രാജ്യത്ത് നിന്ന് മന്ത്രി എന്ന നിലയില്‍ യുഎന്‍ഡബ്ലൂടിഒ സെക്രട്ടറി ജനറല്‍ സുപ്രധാനമായ ജനറല്‍കൗണ്‍സിലിലേക്ക് ക്ഷണിച്ചതും, മുഴുവന്‍ സമയ പ്രതിനിധി പട്ടികയില്‍ സ്ഥാനം നല്‍കിയതും കേരളത്തിന്റെ ടൂറിസം മന്ത്രിയെ മാത്രമായിരുന്നു എന്നത് ഓര്‍ക്കണം.
ആദ്യം കേന്ദ്രമന്ത്രി വി.കെ സിങ്ങ് പറഞ്ഞത് മന്ത്രി എന്ന നിലയില്‍ പങ്കെടുക്കാന്‍ തക്ക നിലവാരം ഈ പരിപാടിക്കില്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നത് കൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പറയുന്നു. അങ്ങനെയെങ്കില്‍, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ബില്ല ഐഎഎസിനെ എന്തിനാണ് ദേശതാല്‍പര്യത്തിന് വിരുദ്ധമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ചൈനയ്ക്ക് അയച്ചത്’, കടകംപളളി ചോദിച്ചു.

‘ഐക്യരാഷ്ട്ര സഭയുടെ അനുബന്ധ സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ എങ്ങനെയാണ് ഇന്ത്യയുടെ താല്‍പര്യത്തിന് വിരുദ്ധമാകുന്നതെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. എന്നാല്‍ അതേക്കുറിച്ച് ഒരു വ്യക്തതയും കേന്ദ്രത്തിന് നല്‍കാനാകുന്നില്ല. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലോകത്താദ്യമായി സംസ്ഥാനത്ത് തുടക്കമിട്ട ദിവസം തന്നെ ഈ വാര്‍ത്ത പുറത്തുവന്നത് കാവ്യനീതിയായി തോന്നുന്നു. ജനകീയപങ്കാളിത്തമുള്ള ടൂറിസം വികസനത്തിന് പര്യാപ്തമായ നടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് ദൈവത്തിന്റെ സ്വന്തം നാടിനെ ലോകവിനോദസഞ്ചാരരംഗത്തെ ഒരു മാതൃകയായി തന്നെ ഇപ്പോള്‍ കാണാന്‍ കാരണം. ടൂറിസം രംഗത്ത് നമ്മോട് മത്സരിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതില്‍ അസൂയ തോന്നുക സ്വാഭാവികമാണ്. എന്നാല്‍ നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ കാഴ്ച്ചപ്പാടില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എത്രമാത്രം തരംതാണ നടപടിയാണ്. കേരളത്തിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത് ഗുണകരമാകുന്നത് നമ്മുടെ രാജ്യത്തിന് തന്നെയാണ് എന്നത് ഇവര്‍ ഓര്‍ക്കണം’, കടകംപളളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ