തിരുവനന്തപുരം: പടിഞ്ഞാറെ കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മഠാധിപതിക്ക് ഒരുക്കിയ സിംഹാസനം എടുത്തു മാറ്റിയ നടപടിയില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രണ്ടോ മൂന്നോ പേർക്ക്‌ ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളിൽ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ്‌ താൻ ‘സിംഹാസനം’ എടുത്ത്‌ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രം- മംഗളം

“ശൃംഗേരി മഠാധിപതിക്ക്‌ പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാൽ വേദിയിൽ കയറാതെ പോയെന്ന് വാർത്തകളിൽ കണ്ടു. ഒന്നര കോടി രൂപ ചെലവാക്കി സംസ്ഥാന സർക്കാർ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമർപ്പണ ചടങ്ങിൽ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീർത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ്‌ പരിശോധിച്ചാൽ വ്യക്തമാകും.

Read More: ‘സിംഹാസന ശീലം തച്ചുടച്ച’ ദേവസ്വംമന്ത്രിക്ക് അഭിനന്ദനപ്രവാഹം; ചൂഷക വര്‍ഗങ്ങളുടെ നെഗളിപ്പ് തീരുമെന്ന് വിടി ബല്‍റാം

എന്നാൽ വേദിയിലെ സിംഹാസനം കണ്ട്‌ തിരക്കിയപ്പോൾ മഠാധിപതി വന്നാൽ ഇരുത്താനാണെന്ന് അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റിക്കാർ പറഞ്ഞത്‌. മന്ത്രിക്കായാലും മഠാധിപതിക്കായാലും സർക്കാർ പരിപാടിയിൽ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ്‌ ഞാൻ വി.എസ്‌.ശിവകുമാർ എം.എൽ.എയുടെ സഹായത്തോടെ ‘സിംഹാസന’ ഇരിപ്പിടം‌ എടുത്ത്‌ മാറ്റിയത്‌. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നുവെന്നും കടകംപളളി വ്യക്തമാക്കി.

“എന്റെ നിലപാടിൽ ആർക്കും അർത്ഥശങ്ക വേണ്ട. ഏതെങ്കിലും ഒരാൾക്ക്‌ ഇരിക്കാൻ വേണ്ടി മൂന്ന്‌ പേർക്ക്‌ ഇരിക്കാൻ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങൾ വേദിയിൽ ആവശ്യമില്ല. ഏത് മതപുരോഹിതന് വേണ്ടിയായാലും സർക്കാർ ചടങ്ങിൽ നിന്നും ഇത്തരം സിംഹാസനങ്ങൾ എടുത്തു മാറ്റപ്പെടേണ്ടത്‌ തന്നെയാണെന്നാണ്‌ തന്റെ നിലപാടെന്നും ദേവസ്വംമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.