തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ വിശ്രമിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ കൊണ്ട് വെള്ളം ചീറ്റി നടപ്പന്തല്‍ ഉള്‍പ്പെടെ നനയ്ക്കുകയാണെന്ന പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കാണ് വീഡിയോ ഉള്‍പ്പെടെ ചേര്‍ത്ത് മന്ത്രി മറുപടി നല്‍കിയത്.

”ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണം അതേപടി ഏറ്റുപിടിക്കുന്നത് ശരിയാണോയെന്ന് പ്രേമചന്ദ്രന്‍ ഒരു എംപി എന്ന നിലയില്‍ മാത്രമല്ല മുന്‍ മന്ത്രി എന്ന പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കൂടി ചിന്തിക്കണം. വര്‍ഷങ്ങളായി സന്നിധാനവും പരിസരവും നടപന്തലുമൊക്കെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നത്. അത് അയ്യപ്പഭക്തരെ വിശ്രമിക്കാന്‍ അനുവദിക്കാതിരിക്കുന്നതിന് ചെയ്യുന്നതാണെന്ന് മനഃപൂര്‍വം ആരോപിക്കുന്നതിന് വര്‍ഗീയത ബാധിച്ചവര്‍ക്ക് മാത്രമേ കഴിയൂ” എന്ന് കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ മറുപടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഒരു മണ്ഡലകാല ചിത്രം കൂടി പോസ്റ്റ് ചെയ്യുന്നു. കണ്ണ് തുറന്ന് കാണുക. മുന്‍പൊന്നും നടപന്തല്‍ കഴുകാറില്ലെന്ന് പറയുന്നവര്‍ക്കായി കഴിഞ്ഞ വര്‍ഷത്തെ വീഡിയോ ദൃശ്യങ്ങളുടെ യൂട്യൂബ് ലിങ്കുമുണ്ട്. നടപന്തലടക്കം കഴുകി വൃത്തിയാക്കുന്നത് എത്രയോ കാലമായി ചെയ്യുന്നതാണെന്ന് പോലുമറിയാതെ കുപ്രചാരണം നടത്തുന്നവരുടെ കെണിയില്‍ വീണവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ 2017 നവംബറില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ കാണണമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച വാര്‍ത്തയുടെ ലിങ്കും വീഡിയോയും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വാദമുഖങ്ങളില്‍ കേട്ട ഒരു കാര്യം ഞെട്ടിക്കുന്നതായിരുന്നു. അയ്യപ്പ ഭക്തര്‍ വിശ്രമിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്‌സിനെ കൊണ്ട് വെള്ളം ചീറ്റി നനയ്ക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണം അതേപടി ഏറ്റുപിടിക്കുന്നത് ശരിയാണോയെന്ന് പ്രേമചന്ദ്രന്‍ ഒരു എംപി എന്ന നിലയില്‍ മാത്രമല്ല മുന്‍ മന്ത്രി എന്ന പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കൂടി ചിന്തിക്കണം. വര്‍ഷങ്ങളായി സന്നിധാനവും പരിസരവും നടപന്തലുമൊക്കെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നത്. അത് അയ്യപ്പഭക്തരെ വിശ്രമിക്കാന്‍ അനുവദിക്കാതിരിക്കുന്നതിന് ചെയ്യുന്നതാണെന്ന് മനഃപൂര്‍വം ആരോപിക്കുന്നതിന് വര്‍ഗീയത ബാധിച്ചവര്‍ക്ക് മാത്രമേ കഴിയൂ.

കഴിഞ്ഞ വര്‍ഷത്തെ ഒരു മണ്ഡലകാല ചിത്രം കൂടി പോസ്റ്റ് ചെയ്യുന്നു. കണ്ണ് തുറന്ന് കാണുക. മുന്‍പൊന്നും നടപന്തല്‍ കഴുകാറില്ലെന്ന് പറയുന്നവര്‍ക്കായി കഴിഞ്ഞ വര്‍ഷത്തെ വീഡിയോ ദൃശ്യങ്ങളുടെ യൂട്യൂബ് ലിങ്കുമുണ്ട്. നടപന്തലടക്കം കഴുകി വൃത്തിയാക്കുന്നത് എത്രയോ കാലമായി ചെയ്യുന്നതാണെന്ന് പോലുമറിയാതെ കുപ്രചാരണം നടത്തുന്നവരുടെ കെണിയില്‍ വീണവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ 2017 നവംബറില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.