തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  നിലയ്ക്കലിൽ  നിലനില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവർത്തകരെത്തുമെന്ന്   ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.  നിരോധനാജ്ഞ ലംഘിക്കാനുളള ബിജെപി പ്രസിഡന്റിന്റെ ആഹ്വാനത്തിന് മറുപടിയുമായാണ്  മന്ത്രി രംഗത്തെത്തിയത്.

അല്ലയോ ശ്രീധരൻ പിള്ളേ, എന്താണ് നിങ്ങളുടെ പരിപാടി, എന്നു ചോദിച്ച മന്ത്രി ശ്രീധരൻ പിള്ളയുടെ ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും ചോദിച്ചു. ശ്രീധരൻ പിള്ള വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം നൽകുന്ന സംഘപരിവാർ പ്രവർത്തകന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിച്ചത്.

ഇരുമുടി കെട്ടുപോലെ തോന്നിക്കുന്ന ഭാണ്ഡവുമായി എത്താന്‍ എഎച്ച്പി ആഹ്വാനം ചെയ്യുന്ന സന്ദേശമാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. ഒരു മാലയെങ്കിലും കഴുത്തിലിട്ട് വേണം സന്നിധാനത്ത് എത്താനെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കലാപകാരികളെ തടയുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ഗൂഢലക്ഷ്യം സര്‍ക്കാരിനില്ല. സ്ത്രീകളെ ശബരിമലയില്‍ കയറ്റണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന വഴിയേ സര്‍ക്കാരിന് മുന്നിലുളളൂവെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ കലാപ ആഹ്വാനം നടത്താതെ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ല. സുപ്രീം കോടതി വിധി മറികടന്നുളള ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരിനേ കഴിയൂ. രാഷ്ട്രീയ ലാഭവും വോട്ട് ബാങ്കും ലക്ഷ്യമിട്ട് ശബരിമലയെ കലാപ ഭൂമിയാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അതിനിടെ, ശബരിമലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഇടുമുടി കെട്ടെന്ന വ്യാജേന തലയില്‍ ഭാണ്ഡവുമായി പ്രതിഷേധക്കാര്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എത്തുന്ന ഇവര്‍ പെട്ടെന്ന് കൂട്ടം ചേര്‍ന്ന് പ്രതിഷേധം അഴിച്ചുവിടുകയാണ്. യുവതികള്‍ എത്തിയാല്‍ തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. അതേസമയം, നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.