ന്യൂഡൽഹി: മന്ത്രി കടകംപളളി സുരേന്ദ്രന്റെ ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ചൈനയുമായുളള ഇപ്പോഴത്തെ മോശം ബന്ധം ഇതിനു കാരണമായെന്നും വിദേശകാര്യമന്ത്രാലത്തിലെ ചൈനാ വിഭാഗമാണ് തീരുമാനമെടുത്തതെന്നുമാണ് ഉന്നത കേന്ദ്രങ്ങളിൽനിന്നും ലഭിക്കുന്ന സൂചന.

അതേസമയം, ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തലായിരുന്നു ലക്ഷ്യമെങ്കിൽ ചൈന സന്ദർശനത്തിന് അനുമതി നൽകണമായിരുന്നുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു. ഒറ്റവരിയിൽ അനുമതി നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാൻ അനുമതി തേടിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചത്. കേരള സംഘത്തിന്റെ തലവന്‍ എന്ന നിലക്കായിരുന്നു മന്ത്രി അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിച്ചു എന്ന അറിയിപ്പാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും മന്ത്രിയുടെ ഓഫീസിന് കിട്ടിയത്. വ്യക്തമായ കാരണം പറയാതെ ആയിരുന്നു അനുമതി നിഷേധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ