ശബരിമല: ഭരണകൂടവും നിയമവാഴ്ചയുമുള്ള രാജ്യം എന്ന നിലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തരമൊരു സമരത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വ്യാഴവട്ടമായി ഈ കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കേസ് കൊടുത്തവരേയും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണം. 2006ല്‍ ആര്‍എസ്എസ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി വിധിയിലേക്ക് നയിച്ചത്. ഇക്കാര്യം മനസ്സിലാക്കിയാല്‍ യഥാര്‍ത്ഥ വിശ്വാസികളുടെ ഇപ്പോഴുള്ള ആശങ്കകള്‍ ഇല്ലാതെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, പൊലീസിനെ ഉപയോഗിച്ച് ബലമായി ഒന്നും ചെയ്യില്ലെന്നും ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധി മൂലം ഉണ്ടായ വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കുകതന്നെ ചെയ്യും. അധികം വൈകാതെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് തന്ത്രിമാരുമായും രാജകുടുംബവുമായും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരേയും മന്ത്രി വിമര്‍ശിച്ചു. മഹാരാഷ്ട്രയിലെ ശനി ക്ഷേത്രം സ്ത്രീകള്‍ക്കായി തുറന്ന് നല്‍കിയപ്പോള്‍ ഇവരെല്ലാം എവിടെയായിരുന്നു എന്നാണ് മന്ത്രി ചോദിച്ചത്. അവര്‍ ഇപ്പോള്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ പ്രതിഷേധിക്കുന്നതിന് തെരുവിലിറങ്ങിയ സാധാരണ ജനങ്ങള്‍ ഇത്തരക്കാരുടെ മുഖത്ത് തുപ്പുന്ന ദിവസം വരുമെന്നും മന്ത്രി പറഞ്ഞു.