കോട്ടയം: ആത്മാഭിമാനമുള്ള സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആര്‍ത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകള്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹിന്ദു പാര്‍ലമെന്റ് സമുദായ സംഘടനാ നേതൃയോഗത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിക്കാനെത്തിയ രണ്ട് സ്ത്രീകള്‍ക്കും ദര്‍ശനം പൂര്‍ത്തിയാക്കാതെ മലയിറങ്ങേണ്ടി വന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കാതിരുന്നത്. പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകിയാണ് അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വീണ്ടും ദര്‍ശനത്തിനായി ശബരിമല കയറണമെന്ന നിലപാടില്‍ ബിന്ദുവും കനക ദുര്‍ഗയും ഉറച്ചു നിന്നു. ഇക്കാര്യം കോട്ടയം ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. ഇവര്‍ നിലപാട് ആവര്‍ത്തിച്ചതോടെ പൊലീസ് കൂടുതല്‍ പ്രതിസന്ധിയിലായി. എന്നാല്‍ ഇന്ന് പൊലീസുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇരുവരും യാത്ര അവസാനിപ്പിക്കാമെന്ന് അറിയിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു.
സുരക്ഷയൊരുക്കിയാല്‍ ശബരിമല ദര്‍ശനത്തിന് ഇനിയും എത്തുമെന്ന് വ്യക്തമാക്കി മനീതി സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും സംഘടനയുടെ കോര്‍ഡിനേറ്ററായ സെല്‍വി പറഞ്ഞു.
തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വിശ്വാസികളായ സ്ത്രീകളെ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്നും അവരെ ശബരിമലിയിലെത്തി ദര്‍ശനം നടത്തികൊടുക്കാനം തിരികെ എത്തിക്കാനും സര്‍ക്കാരിന് സാധിക്കുമോ എന്നും സെല്‍വി ചോദിക്കുന്നു. തങ്ങളുടെ നിലപാട് വ്യക്തമാക്കാനായി പത്രസമ്മേളനം വിളിക്കുന്നതിനെ കുറിച്ചും മനിതി ആലോചിക്കുന്നുണ്ട്.