തിരുവനന്തപുരം: കോന്നി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജെനീഷ് കുമാര്‍ ജയിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ശബരിമല അയ്യപ്പനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസത്തിന്റെ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയതെന്നും മന്ത്രി പറഞ്ഞു.
“ഭക്തർക്കൊപ്പമാണ് കേരളത്തിലെ സർക്കാർ. അല്ലാതെ അമ്പലം വിഴുങ്ങികൾക്കൊപ്പമല്ല. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാരാണ് പിണറായിയുടേത്” കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജെനീഷ് കുമാർ വിജയിച്ചത്. കോൺഗ്രസിനു അനുകൂലമായി വിധിയെഴുതാറുള്ള കോന്നിയിൽ ചരിത്രവിജയമാണ് എൽഡിഎഫ് സ്വന്തമാക്കിയത്. ഇത് ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസം പകരുന്ന വിജയമായിരുന്നു.
Read Also: യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയില്‍; ഭാര്യയും കാമുകനും സംശയനിഴലില്‍
ശബരിമല യുവതീ പ്രവേശന വിഷയം കോന്നിയിൽ വലിയ ചർച്ചയായിരുന്നു. കോൺഗ്രസും ബിജെപിയും ശബരിമല വിഷയത്തിലൂന്നിയാണ് പ്രചാരണ രംഗം ചൂടുപിടിപ്പിച്ചത്. എന്നാൽ, ഇടതുമുന്നണി ശബരിമല വിഷയം പ്രചാരണത്തിനു ഉപയോഗിച്ചില്ല. പ്രതിപക്ഷ ആരോപണങ്ങൾ ഉയർന്നപ്പോൾ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ശബരിമലയിൽ സർക്കാർ ചെയ്തതെന്ന് പറഞ്ഞ് എൽഡിഎഫ് ഒഴിഞ്ഞുമാറുകയായിരുന്നു.
ശബരിമല പ്രചാരണ വിഷയമായ വട്ടിയൂർക്കാവ് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്താണ് വിജയിച്ചത്. വട്ടിയൂർക്കാവിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ചതു കടകംപള്ളി സുരേന്ദ്രനാണ്.