കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍നിന്നു പുറത്തായ മത്സരാർഥി രജിത് കുമാറിനു സ്വീകരണം നല്‍കാനുള്ള നീക്കത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മനുഷ്യന്‍ അദൃശ്യമായ ഒരു മഹാമാരിയെ നേരിടുകയാണെന്നും ആ സാഹചര്യത്തില്‍ നമ്മുടെ ജാഗ്രതക്കുറവു സമൂഹത്തില്‍ വന്‍ ഭവിഷ്യത്തുകള്‍ക്കു കാരണമാകുമെന്ന ഉത്തമബോധ്യം നമുക്ക് തന്നെ ഉണ്ടാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

“രജിത് കുമാറിനു ഫാന്‍സ് അസോസിയേഷന്‍ ആറ്റിങ്ങലില്‍ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാനത്തു കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ആള്‍ക്കൂട്ടം അനുവദിക്കാന്‍ പാടില്ല. ഇതു സംബന്ധിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വീകരണത്തിനു മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും,” മന്ത്രി പറഞ്ഞു.

Read More: രജിത് കുമാറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയവർക്കെതിരെ കേസെടുത്തു

രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ് വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍, പേരറിയാവുന്ന നാലു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് 75 പേര്‍ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More: മനസ്സ് ശുദ്ധമല്ലെങ്കിലേ കൊറോണ വരൂ; രജിത് കുമാറിന്റെ അശാസ്ത്രീയ വിശകലനത്തിന് എതിരെ ജനരോഷം

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പൊലീസ്, കലക്ടര്‍ എസ്.സുഹാസിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. രജിത് കുമാറിനെതിരേയും കേസുണ്ട്.

ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനകൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ലെന്നും കലക്ടർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.