തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ പ്രവേശന ബില്ലിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. 180 വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ഇപ്പോഴത്തെ എതിർപ്പ് രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ പ്രവേശന ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയ നടപടി ദൗർഭാഗ്യകരമാണ്. കോടതിയെ വെല്ലുവിളിക്കാനില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

കണ്ണൂർ മെഡിക്കൽ കോളേജ്, കരുണ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താനുളള ബില്ലിൽ ഇന്നലെ പ്രതിപക്ഷവും ഭരണപക്ഷവും ഒപ്പുവച്ചിരുന്നു. ബിജെപിയുടെ ഏക അംഗം ഒ.രാജഗോപാൽ അടക്കം ഒപ്പുവച്ചപ്പോൾ വി.ടി.ബൽറാം എംഎൽഎ മാത്രമാണ് ഒപ്പുവയ്ക്കാതിരുന്നത്.

ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സംസ്ഥാന സർക്കാരിന്‍റെ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നിയമപരമാക്കിയതിനെതിരെ മെഡിക്കൽ കൗണ്‍സിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി.

മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം അംഗീകരിച്ച് നിയമസഭയിൽ ബുധനാഴ്ച ബിൽ പാസാക്കിയിരുന്നു. ഐക്യകണ്ഠ്യേനയാണു ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭ പാസാക്കിയത്. ബിൽ ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.

കോളേജുകളിലേക്കുളള പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതാണ്. അഡ്മിഷൻ കമ്മിറ്റിക്ക് പിന്നെ എങ്ങനെയാണ് ഇതിന്മേൽ തീരുമാനം എടുക്കാൻ സാധിക്കുക. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാത്തത് കൊണ്ട് നിയമമായിട്ടില്ല. അതുകൊണ്ടു തന്നെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

രണ്ടു കോളജുകളിലും ചട്ടം ലംഘിച്ചു നടത്തിയ വിദ്യാർഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ജെയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവച്ചിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഇതു ചോദ്യം ചെയ്താണ് മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ