ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരിലെത്തി വഴിപാടുകൾ നടത്തിയത് വിവാദമാകുന്നു. വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി ആരോപിച്ചു. അതേസമയം, മന്ത്രിയുടെ ഭക്തിയെ ബിജെപിയും സംഘപരിവാറും സ്വാഗതം ചെയ്തു.

‘എന്റെ പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്’ എന്നാണ് ക്ഷേത്രസന്ദർശനത്തെ കുറിച്ച് കടകംപള്ളി വിവരിച്ചത്. കസവുമുണ്ടും കസവു ഷാളും ധരിച്ച് പുലര്‍ച്ചെ തന്നെ മന്ത്രി ക്ഷേത്രത്തിലെത്തി. ദേവസ്വം ചെയര്‍മാന്‍ പീതാംബരക്കുറുപ്പിനൊപ്പം ഗുരുവായൂരപ്പനെ തൊഴുതതിനു ശേഷം നാലുമണിയോടെ നാലമ്പലത്തില്‍ പ്രവേശിച്ചു.

പിന്നീട് നാലമ്പലത്തിന് പുറത്തുകടന്ന് ചുറ്റമ്പലത്തിലെ ഉപദേവതകളെ തൊഴുതതിനു ശേഷം മന്ത്രി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാടിന് പണം അടച്ചു. ബാക്കി പണം അന്നദാനത്തിന് സംഭാവനയായി നല്‍കുകയും ചെയതു. ഒരു മണിക്കൂറോളമാണ് മന്ത്രി ക്ഷേത്രത്തില്‍ ചെലവിട്ടത്. പിന്നീട് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടത്തിയ പ്രത്യേക സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ