തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അടക്കം മുൾമുനയിൽ നിർത്തിയ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ നിർണ്ണായക ഉത്തരവിട്ട് ജില്ലാ കലക്ടർ. ഉമ്മൻചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് മുഖ്യമപ്രതിയായിരുന്ന കേസിൽ ഇവർ ചമച്ച വ്യാജ തണ്ടപ്പേര് റദ്ദാക്കാനാണ് ജില്ല കലക്ടർ എസ്.വെങ്കിടേശപതി ഉത്തരവിട്ടത്.

ഇതോടെ സ്ഥലത്തിന്റെ യഥാർത്ഥ ഉടമകൾക്ക് തദ്ദേശസ്ഥാപനങ്ങൾ വഴി ഭൂനികുതി അടക്കാനാവും. കടകംപള്ളി വില്ലേജിലെ 44 ഏക്കറോളം സ്ഥലം തട്ടിയെടുക്കനായി സൃഷ്ടിച്ച 3587 എന്ന തണ്ടപ്പേരാണ് ജില്ല കലക്ടർ റദ്ദാക്കിയത്. ഈ തണ്ടപ്പേര് ഭൂമി തട്ടിയെടുക്കാൻ വ്യാജമായി സൃഷ്ടിച്ചതാണെന്ന് റവന്യു വകുപ്പ് പരിശോധനയിലും സിബിഐ അന്വേഷണത്തിലും വ്യക്തമായിരുന്നു.

ഈ കാര്യം കണ്ടെത്തിയ ശേഷം തണ്ടപ്പേര് മാറ്റണമെന്ന ആവശ്യം കഴിഞ്ഞ സർക്കാരിന് മുന്നിൽ വച്ചിരുന്നെങ്കിലും യുഡിഎഫ് സർക്കാർ നടപടിയെടുത്തിരുന്നില്ല. പുതിയ നടപടിയിലൂടെ നൂറോളം കുടുംബങ്ങൾക്ക് ഭൂനികുതി അടക്കാനാവും.

സലിംരാജും കുടുംബാംഗങ്ങളും പ്രതിചേർക്കപ്പെട്ട കേസിൽ ഇവർ കോടതിയിൽ സമർപ്പിച്ചത് ഇപ്പോൾ റദ്ദാക്കിയ തണ്ടപ്പേരാണ്. ഈ നടപടിയിലൂടെ പ്രതിസ്ഥാനത്തുള്ളവർക്കെതിരെ കോടതിയിൽ യഥാർത്ഥ സ്ഥലമുടമകൾക്ക് കരുത്ത് നേടാനാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ