കോഴിക്കോട്: സ്ത്രീകളെ അവഹേളിക്കുന്ന രംഗങ്ങളുളള സിനിമകളിൽ അഭിനയിക്കില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചത് സന്ദർഭോചിതവും ധീരവുമാണ്, ചരിത്രപ്രധാനം എന്നു തന്നെ പറയാമെന്ന് കെ.വേണു. സമീപ ദിവസം നിന്ദ്യമായി അപമാനിക്കപ്പെട്ട പ്രമുഖ നടിയുടെ ധീരമായ ചെറുത്തുനിൽപ്പിന് മഞ്ജുവാര്യരെ പോലുള്ളവരോടൊപ്പം താങ്കളും ഉണ്ടായി​. ‘പൃഥീ, താങ്കളുടെ ഇടപെടൽ ചരിത്രപ്രധാനം’ എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപത്രത്തിലെ വായനക്കാരുടെ പ്രതികരണത്തിലാണ് വേണു പിന്തുണ പ്രഖ്യാപിച്ചത്. പല സിനിമകളും ചില സീരിയലുകളും കാണാനിടയാപ്പോൾ ഇവയുടെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും ഇത്രമാത്രം സാമൂഹികവിരുദ്ധരാകുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ട്. സ്ത്രീ-പുരുഷ ബന്ധം ഉൾപ്പടെ തികച്ചും ഫ്യൂഡൽ എന്നുപറയാവുന്നതും പ്രകടമായും പുരുഷമേധാവിത്വപരമായ വീക്ഷണങ്ങളാണ് ഈ മാധ്യമങ്ങൾ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയമായും സാമൂഹികമായും ഏറെ മുന്നിലെത്തിയ കേരളത്തിൽ സ്ത്രീ-പുരുഷബന്ധങ്ങളും മറ്റും ഏറെ പിന്നാക്കവസ്ഥയിലായയതിന് കാരണമുണ്ട്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തിയ കമ്യൂണിസ്റ്റുകാരാണ് കേരളീയ സമൂഹത്തിന് പുരോഗമന മുഖം നൽകിയത് എന്നാൽ സ്ത്രീ-പുരുഷബന്ധത്തിന്റെ കാര്യത്തിൽ അവർ അത്തരമൊരു ഇടപെടൽ നടത്തിയില്ല. പുരുഷമേധാവിത്വത്തെ കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ അവതരിപ്പിച്ച മാർക്സിന്റെയും ഏംഗൽസിന്റെയും നിലപാടുകൾ ഇവിടെ കമ്യൂണിസ്റ്റുകൾക്കിടിയിൽ ചർച്ച ചെയ്തില്ല. ആ വിഷയത്തിൽ തൊട്ടാൽ എതിരാളികൾ കുപ്രചരണം നടത്തുന്നത് തങ്ങളുടെ വോട്ട് ബാങ്കിനെ ബാധിക്കുമെന്ന് കരുതി ആ വിഷയം ഏറ്റെടുത്തില്ല. ഫലത്തിൽ​ തങ്ങൾക്കു സ്വാധീനമുളള നിലവിലുളള ഫ്യൂഡൽ സദാചാരമൂല്യങ്ങളുടെ സംരക്ഷകരായി കമ്യൂണിസ്റ്റുകാർ മാറി.

കേരള ജനസംഖ്യയിൽ പകുതിയോളം വരുന്ന ക്രിസ്ത്യൻ, മുസ്‌ലിം സമൂഹങ്ങൾ സ്ത്രീ – പുരുഷ ബന്ധത്തിന്റെ കാര്യത്തിൽ തങ്ങളുടെ ഫ്യൂഡൽ​ സദാചാര മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ അതിജാഗ്രത പുലർത്തകയും ചെയ്തു. സെമറ്റിക് മതങ്ങളുടെ ചട്ടക്കൂടില്ലാതിരുന്ന ഹിന്ദു സാമൂഹിക വിഭാഗങ്ങളിൽ അത്തരം ചട്ടക്കൂടകൾ സംഘടിപ്പിക്കാനുളള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നോട്ടു പോയതിന്റെ പശ്ചാത്തലം ഇതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ