മംഗളുരു: ശനിയാഴ്ച മംഗളുരു നഗരത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മതസൗഹാർദ റാലിയിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ വിവാദ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. അടിക്ക് തിരിച്ചടിയും, കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

ഇപ്പോൾ അടിയും കൊലയും നിർത്തിവെച്ചിരിക്കുകയാണ്, എന്നാൽ വെറുതെ വിടുമെന്ന് കരുതേണ്ട. സിപിഎമ്മുകാർ ഇന്ത്യയിൽ എവിടെ പോയാലും, അവിടെ തടയാൻ ബി.ജെ.പിക്കാർ ഉണ്ടാകും. മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ സമ്മതിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനിടെ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. മംഗളൂരുവിലെ മതസൗഹാർദ റാലിയിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പരിപാടിയിൽ പങ്കെടുത്ത് തിരിച്ച് വന്നതിന് ശേഷം ആർ.എസ്.എസിന്റെ പ്രതിഷേധത്തിന് മറുപടി നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മംഗലാപുരത്ത് ശനിയാഴ്ച്ച എത്തുന്ന പിണറായി വിജയൻ മതസൗഹാർദ്ദ റാലിക്ക് പുറമെ വാർത്താഭാരതി കന്നഡ പത്രത്തിന്റെ പുതിയ കോംപ്ലെക്സിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. ബജ്‌റംഗദളും വിശ്വഹിന്ദു പരിഷത്തും അന്നേദിനം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സ്വന്തം സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന നേതാവാണ് പിണറായിയെന്നും അതിനാൽ അദ്ദേഹം ജില്ലയിൽ പ്രവേശിക്കുന്നത് തടയണമെന്നും നേതാക്കൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ആർഎസ്എസ്സിനെതിരെ ആക്രമണം നടക്കുകയാണെന്ന സംഘപരിവാർ വാദത്തിന് ദേശീയതലത്തിൽ പ്രചരണം ലഭിക്കാനാണ് പിണറായി വിജയനെ ആ പേരിൽ മറ്റു സംസ്ഥാനങ്ങളിൽ തടയാൻ സംഘപരിവാർ ഒരുങ്ങുന്നത്. നേരത്തെ ഭോപ്പാലിൽ പിണറായിയെ തടഞ്ഞപ്പോൾ ‘കേരളത്തിലെ സിപിഐ(എം) ആക്രമണത്തെ തുടർന്ന് കേരളാ മുഖ്യമന്ത്രിയെ തടഞ്ഞു’ എന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നത് സംഘപരിവാർ ഗുണപരമായാണ് നോക്കിക്കാണുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ