തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ സ്ഥാനമേറ്റു. രാവിലെ പത്തരയ്ക്ക് പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ എംഎൽ, ദേശീയ സെക്രട്ടറി എച്ച് രാജ, മധ്യപ്രദേശ് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പാർട്ടി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം കൃഷ്ണദാസ് പക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിന്നു. എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തില്ല.
രാവിലെ 9:30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ സുരേന്ദ്രനെ സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തിൽ എംജി റോഡിലൂടെ പിഎംജി ജംഗ്ഷൻ വഴി ബിജെപി അണികൾ സംസ്ഥാന ആസ്ഥാനത്തേക്ക് ആനയിച്ചു.
ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാർട്ടി ആസ്ഥാനത്തെത്തിയാണ് സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേറ്റത്. തുടർന്ന് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു. മൂന്നരമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെത്തുന്നത്.
Read More: ഇതുവരെ പറയാതിരുന്നത് ബിഷപ്പിനെ പേടിച്ച്; ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണം
ബിജെപിയുടെ സമീപകാല സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ സുരേന്ദ്രന്‍ സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെയാണു രാഷ്ട്രീയരംഗത്തെത്തിയത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ തുടര്‍ന്ന് മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
നേരത്തെ, കുമ്മനം രാജശേഖരനുശേഷം ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ പരിഗണിച്ചിരുന്നു. ആർഎസ്എസിന്റെ എതിർപ്പിനെത്തുടർന്ന് ശ്രീധരൻ പിള്ളയിലേക്ക് അധ്യക്ഷ പദവി എത്തുകയായിരുന്നു. എന്നാൽ ശബരിമല സമരത്തിലെ നേതൃത്വപരമായ പങ്കിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസിന്റെ എതിർപ്പ് കുറഞ്ഞതാണു സുരേന്ദ്രന് ഇപ്പോൾ തുണയായത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്രനു 22 ദിവസത്തിനുശേഷമാണു ജാമ്യം ലഭിച്ചത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണു പരാജയപ്പെട്ടത്. ഇതുള്‍പ്പെടെ മഞ്ചേശ്വരത്ത് രണ്ടു തവണയും ലോക്സഭയിലേക്ക് കാസര്‍ഗോഡ് മണ്ഡലത്തില്‍ രണ്ടുതവണയും മത്സരിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാൽപ്പതിനായിരത്തിലേറെ വോട്ട് നേടി.
ഉള്ള്യേരി കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കലാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണു കെ. സുരേന്ദ്രന്റെ ജനനം. ഭാര്യ: ഷീബ. മക്കള്‍: ഹരികൃഷ്ണന്‍, ഗായത്രി (വിദ്യാര്‍ഥികള്‍).