തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജലീലിന് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഖുറാനെ അവഹേളിക്കുന്നത് ജലീലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ പ്രശ്‌നത്തെ വര്‍ഗീവത്കരിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. ജലീലിനെ സിപിഎം ഒരു മതത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുകയാണ്. ഇങ്ങനെ നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെയും മതത്തെയും ഉള്‍പ്പെടുത്തി സ്വര്‍ണക്കടത്തിനെ നേരിടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ ജനം തള്ളിക്കളയുമെന്നും ഖുറാന്‍ ഇവിടെ ഒരു വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ ചോദ്യം ചെയ്യലിന് വിധേയനായിട്ടുള്ളത് ചട്ടലംഘനക്കേസില്‍ അല്ല. ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ്. ഖുറാന്‍ കടത്തുന്നത് നിയമലംഘനമാണോ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നത്. ഈന്തപ്പഴത്തെയും സിപിഎം വര്‍ഗീയ നേട്ടമാക്കുമോ എന്നാണ് തങ്ങള്‍ ഇപ്പോള്‍ നോക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി സ്വര്‍ണം കടത്തിയോ എന്നാണ് സിപിഎം പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read More: മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല; കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല: ജലീൽ

വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചത് ജലീലാണ്. വിശുദ്ധ ഗ്രന്ഥത്തെ കള്ളകടത്തിന് മറയാക്കുന്നത് വിശ്വാസികള്‍ അംഗീകരിച്ചുകൊണ്ടുക്കുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ഖുറാന്‍ വിതരണം ചെയ്യണമായിരുന്നെങ്കില്‍ വഖഫ് ബോര്‍ഡില്‍ എല്‍പ്പിക്കാമായിരുന്നല്ലോ. ഇതിനായി വഖഫിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാമായിരുന്നല്ലോ. എന്തിനാണ് ഒളിച്ചുകടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുകയാണ്. മലപ്പുറത്ത് യൂത്ത്‌ലീഗും യൂത്ത്‌കോണ്‍ഗ്രസും നടത്തിയ പ്രതിഷേധത്തില്‍ പോലീസ് ജലപീരങ്കിയും ലാത്തി ചാർജും നടത്തി. ലാത്തിച്ചാർജില്‍ ഏതാനും പ്രവർത്തകർക്ക് പരുക്കേറ്റു.

മലപ്പുറത്ത് രാവിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകർ പ്രതിഷേധവുമായി എത്തി. ഇതേത്തുടര്‍ന്ന് കോട്ടപ്പുറം താലൂക്കാശുപത്രിക്ക് മുന്നില്‍ പതിനഞ്ച് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പ്രവർത്തകർ റോഡില്‍നിന്ന് മാറാന്‍ തയാറാകാതെ പ്രതിഷേധം തുടര്‍ന്നു. തുടർന്നാണ് പോലീസ് ലാത്തി ചാർജ് നടത്തിയത്. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.