തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇവരെ പോലുള്ളവര്‍ക്ക് സംരക്ഷണം നല്‍കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. യുവതികളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഇന്ന് രാവിലെയാണ് പൊലീസ് സംരക്ഷണത്തോടെ സന്നിധാനത്തിന് സമീപം വരെ എത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതികളെ തിരിച്ചിറക്കുന്നതെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചത്.

ഇതിനിടെ മലപ്പുറം സ്വദേശിയായ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍ തങ്ങളില്‍ ആര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും പൊലീസ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചിറക്കുകയായിരുന്നു എന്നും ബിന്ദു പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം തങ്ങളെ വീണ്ടും മലകയറ്റണമെന്ന് യുവതികള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

ഇന്നലെ ചെന്നൈയില്‍ നിന്ന് മൂന്ന് സംഘമായി മനിതി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതികള്‍ മലകയറാന്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നിരുന്നു. മനിതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാടകീയ രംഗങ്ങളാണ് പമ്പയില്‍ അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് മനിതി സംഘത്തെ കൊണ്ടുപോകാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ