കോന്നി: ശബരിമല യാത്രക്കിടെ ലഹരി വസ്തു ഉപയോഗിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവും കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍. മോര്‍ഫ് ചെയ്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. വീഡിയോയില്‍ വെള്ളമുണ്ട് ധരിച്ചാണ് താന്‍ ഇരിക്കുന്നത്. മോര്‍ഫ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല യാത്രക്കിടയില്‍ കെ.സുരേന്ദ്രന്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു വീഡിയോ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലാകെ ഈ വീഡിയോ നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനു പിന്നാലെയാണ് വിശദീകരണവുമായി സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയത്.

Read Also: പ്രായം തളര്‍ത്താത്ത കമ്മ്യൂണിസ്റ്റ്; വി.എസ്.അച്യുതാനന്ദന് 96-ാം പിറന്നാള്‍

മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ആരോപണത്തിനു കെ.സുരേന്ദ്രൻ നേരത്തെ മറുപടി നൽകിയിരുന്നു. ഓര്‍ത്തഡോക്‌സ് തിരുമേനിയുടെയും തന്റെയും ചിത്രങ്ങള്‍ വച്ചുള്ള വീഡിയോ പുറത്തിറക്കിയത് സിപിഎം സൈബര്‍ വിഭാഗമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎമ്മിന് പരാജയഭീതിയാണ്. വിശ്വാസി സമൂഹത്തിന്റെ പിന്തുണ അവര്‍ക്ക് നഷ്ടപ്പെട്ടു. തിരുമേനിയേയും തന്നെയും ഉള്‍പ്പെടുത്തി വ്യാജ വീഡിയോ നിര്‍മ്മിച്ചത് സിപിഎം സൈബര്‍ വിഭാഗമാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം മനസിലാകുമെന്നും കെ.സുരേന്ദ്രന്‍ കോന്നിയില്‍ പറഞ്ഞു.

അഞ്ച് മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാളെയാണ് വോട്ടെടുപ്പ്. 24 നായിരിക്കും ഫലം പുറത്ത് വരിക. മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: ഇന്ന് നിശബ്ദ പ്രചാരണം; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ്

അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫുമാണ് കൈവശം വച്ചിരിക്കുന്നത്. ബിജെപിക്ക് നല്ല പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.

ജാതിസമവാക്യങ്ങളിലൂന്നിയായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. എന്‍എസ്‌എസ് സ്വീകരിച്ച നിലപാടും ശബരിമല വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായി. എന്‍എസ്എസിന്റെ ശരിദൂര നിലപാട് തങ്ങള്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പലയിടത്തു എന്‍എസ്എസ് നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍എസ്എസിന്റെ പരസ്യ നിലപാട് തങ്ങള്‍ക്ക് വിനയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മും ബിജെപിയും. എന്‍എസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞതും അതുകൊണ്ടാണ്.

ശബരിമലയും ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമായി. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് ശബരിമല വിഷയത്തെ കണ്ടത്. എന്നാല്‍, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് സിപിഎം കുറ്റപ്പെടുത്തുന്നുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.