തൃശൂര്‍: ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതിന് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകത്തില്‍ പിടിയിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്നത് പൊലീസ് അന്വേഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണത്തിന് പിന്നാലെ സംസ്ഥാന പൊലീസിനെ സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. “കേരളത്തില്‍ ലഹരിമരുന്ന് മാഫിയയുടേയും ക്വട്ടേഷൻ സംഘങ്ങളുടേയും അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ലഹരി മാഫിയയില്‍ ഉള്‍പ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. അഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്,” സുരേന്ദ്രന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിവയ്ക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന പാലനത്തില്‍ യുപിയെ അപേക്ഷിച്ച് കേരളം ഒരുപാട് പിന്നിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനെന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നന്ദു പ്രകാശ് എന്നയാളാണ് കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്ന് പൊലീസ് പറയുന്നു. ലഹരി മരുന്ന് സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
കാറ്റില്‍ മാര്‍ക്കറ്റിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ശരത്ചന്ദ്രനും സുഹൃത്തുക്കളും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതെ ഇരുകൂട്ടരും മടങ്ങി. എന്നാല്‍ നന്ദു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീടെത്തി ശരത്തിനേയും കൂട്ടുകാരേയും ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം
Also Read: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു