തിരുവനന്തപുരം: പി.എസ്.ശ്രീധരൻപിള്ള മിസോറാം ഗവർണറായി പോകുന്ന സാഹചര്യത്തിൽ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തിയ ശ്രീധരൻപിള്ള മറ്റൊരു ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനത്തുനിന്നു പടിയിറങ്ങുകയാണ്. ശ്രീധരൻ പിള്ളയുടെ പിൻഗാമി ആരെന്ന കാര്യത്തിൽ ചർച്ചകൾ സജീവമാവുകയാണ്.
Also Read: പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണർ
പ്രധാനമായും രണ്ടുപേരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയർന്നുവരുന്നത്. കെ.സുരേന്ദ്രന്റെ പേരിനാണ് കൂടുതൽ മുതൂക്കം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും സുരേന്ദ്രനാണ്. മുരളീധരൻ വിഭാഗം കെ. സുരേന്ദ്രനു വേണ്ടിയാണ് വാദിക്കുന്നത്.
കൃഷ്ണദാസ് വിഭാഗം എം.ടി.രമേശിന്റെ പേരും മുമ്പോട്ട് വയ്ക്കുന്നുണ്ട്. ആർഎസ്എസിന്റെ പിന്തുണയും എം.ടി.രമേശിനാണെന്നാണ് സൂചന. ഗ്രൂപ്പ് തർക്കം ഉടലെടുത്താൽ ആർഎസ്എസ് പിന്തുണയോടെ മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കവുമുണ്ട്.
Also Read: സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിച്ചതിനു പിന്നില്‍ തോല്‍പ്പിക്കണമെന്ന താല്‍പ്പര്യം: പി.സി.ജോര്‍ജ്
കുമ്മനത്തിന് ശേഷം ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ പരിഗണിച്ചിരുന്നെങ്കിലും ആർഎസ്എസിന്റെ എതിർപ്പാണ് ശ്രീധരൻ പിള്ളയിലേക്ക് അധ്യക്ഷ പദവി എത്തിച്ചത്. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിലുൾപ്പടെ മുന്നിൽ നിന്ന സുരേന്ദ്രനോട് ആർഎസ്എസിന്റെ എതിർപ്പ് കുറഞ്ഞിട്ടുണ്ട്.
ശബരിമല പ്രക്ഷോഭകാലത്ത് ഉൾപ്പടെ ബിജെപിയുടെ പ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിച്ച വ്യക്തിയാണ് സുരേന്ദ്രൻ. അതുകൊണ്ട് തന്നെയാണ് ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ബിജെപി സുരേന്ദ്രന് സീറ്റ് നൽകിയതും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടിന് പരാജയപ്പെട്ട കെ.സുരേന്ദ്രൻ ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലും ബിജെപിയുടെ വോട്ട് വർധിപ്പിച്ചിരുന്നു.
Also Read: സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും: എന്‍എസ്എസ്
അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കും ബിജെപി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും നിർണായകമാകുമെന്ന കാര്യം ഉറപ്പാണ്. അധികം വൈകാതെ തന്നെ പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.