തിരുവനന്തപുരം: ബിജെപി കേരളഘടകത്തെ ഇനി കെ. സുരേന്ദ്രൻ നയിക്കും. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പ്രഖ്യാപിച്ചു. കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ കെ. സുരേന്ദ്രന്‍ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പി.എസ്.ശ്രീധരൻ പിളളയെ മിസോറാം ഗവർണറായി നിയമിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറെ നാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കെ.സുരേന്ദ്രന്റെയും എം.ടി.രമേശിന്റെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുവന്നത്.

നേരത്തെ, മ്മനം രാജശേഖരനുശേഷം ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ പരിഗണിച്ചിരുന്നു. ആർഎസ്എസിന്റെ എതിർപ്പിനെത്തുടർന്ന് ശ്രീധരൻ പിള്ളയിലേക്ക് അധ്യക്ഷ പദവി എത്തുകയായിരുന്നു. എന്നാൽ ശബരിമല സമരത്തിലെ നേതൃത്വപരമായ പങ്കിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസിന്റെ എതിർപ്പ് കുറഞ്ഞതാണു സുരേന്ദ്രന് ഇപ്പോൾ തുണയായത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്രനു 22 ദിവസത്തിനുശേഷമാണു ജാമ്യം ലഭിച്ചത്.

ബിജെപിയുടെ സമീപകാല സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ സാന്നിധ്യമായ
സുരേന്ദ്രന്‍ സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെയാണു രാഷ്ട്രീയരംഗത്തെത്തിയത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ തുടര്‍ന്ന് മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.

Read Also: സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; ഉച്ചയ്ക്ക് വെയിൽ കൊള്ളരുതെന്ന് മുന്നറിയിപ്പ്

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണു പരാജയപ്പെട്ടത്. ഇതുള്‍പ്പെടെ മഞ്ചേശ്വരത്ത് രണ്ടു തവണയും ലോക്സഭയിലേക്ക് കാസര്‍ഗോഡ് മണ്ഡലത്തില്‍ രണ്ടുതവണയും മത്സരിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാൽപ്പതിനായിരത്തിലേറെ വോട്ട് നേടി.

ഉള്ള്യേരി കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കലാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണു കെ. സുരേന്ദ്രന്റെ ജനനം. ഭാര്യ: ഷീബ. മക്കള്‍: ഹരികൃഷ്ണന്‍, ഗായത്രി (വിദ്യാര്‍ഥികള്‍).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.