കാസർഗോഡ്: മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഇതോടെ മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ഉടൻ ആലോചിച്ച് തീരുമാനിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

രണ്ട് തവണ വീതം ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും സുരേന്ദ്രൻ മത്സരിച്ചിരുന്നു. 2009 ലും 2014 ലും കാസർഗോഡ് നിന്ന് ലോക്‌സഭയിലേയ്ക്കും 2011 ലും 2016 ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേയ്ക്കുമാണ് സുരേന്ദ്രൻ മത്സരിച്ചത്. 2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പി.ബി.അബ്ദുൾ റസാഖിനോട് കേവലം 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.

ഇതോടെയാണ് 291 പേർ കളളവോട്ട് ചെയ്തെന്ന പരാതിയുമായി സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. എംഎൽഎയായിരുന്ന അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്ന് കേസ് തുടരാൻ താൽപര്യമുണ്ടോയെന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. അന്ന് കേസുമായി മുന്നോട്ട് പോകുമെന്നും ഹർജി പിൻവലിക്കാൻ തയ്യാറല്ലെന്നുമായിരുന്നു സുരേന്ദ്രന്റെ നിലപാട്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേയ്ക്ക് തൃശ്ശൂരുനിന്ന് മത്സരിക്കാനാണ് സുരേന്ദ്രന്റെ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് കേസ് പിൻവലിക്കാനൊരുങ്ങുന്നതെന്നും പറയപ്പെടുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കുകയാണെങ്കിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭ ഉപതിരഞ്ഞെടുപ്പും നടക്കും.

മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്ത് ജില്ലയിൽ നിന്നുള്ളവർ തന്നെ മത്സരിക്കണമെന്ന് ബിജെപി പ്രദേശിക നേതൃത്വം ആവശ്യപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.