തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ടിപി സെൻകുമാറിനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്‌ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. നേരത്തെ പൊലീസ് സർവീസിൽ നിന്നും സ്ഥാനമൊഴിഞ്ഞ് പിന്നീട് ബിജെപിയിൽ ചേർന്ന കിരൺ ബേദിയുടെയും സത്യപാൽ സിംഗിന്റെയും പാത സെൻകുമാറും പിന്തുടരണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു സുരേന്ദന്രെ ക്ഷണം.

ഇരുമുന്നണികളുടെയും ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതാവും സകല വൃത്തിക്കേടുകളും നേരിട്ട് കണ്ട അദ്ദേഹം ഇനിയുള്ള കാലം ഈ നെറികേടുകള്‍ക്കെതിരെ പോരാടണമെന്നും കെ സുരേന്ദ്രൻ പോസ്റ്റില്‍ കുറിച്ചു. സെന്‍കുമാര്‍ തന്റെ സര്‍വീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോള്‍ അദ്ദേഹം സര്‍വതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്നും സുരേന്ദ്രന്റെ പോസ്റ്റില്‍ പറയുന്നു.

കെ സുരേന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സെൻകുമാർ തൻറെ സർവീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിൻറെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോൾ അദ്ദേഹം സർവതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ഇരു മുന്നണികളുടെയും ഭരണം നേരിട്ടുകണ്ടിട്ടുള്ള ആളാണ് അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്. ശിഷ്ടജീവിതം അദ്ദേഹത്തിന് ഈ നെറികേടുകൾക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കിരൺബേദിയുടെയും സത്യപാൽ സിംഗിൻറെയും മററും പാത അദ്ദേഹത്തിന് പിൻതുടരാവുന്നതേയുള്ളൂ. കേരളജനത അതു കാത്തിരിക്കുന്നു എന്നതാണ് സത്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ